ഇരിട്ടിക്കടുത്ത പടിയൂർ പൂവം പുഴയിൽ ഒഴുക്കിൽപെട്ട ഇരിക്കൂർ സിബ്ഗ കോളജിലെ ബി.എസ്‍സി സൈക്കോളജി വിദ്യാർഥിനികളായ സൂര്യയും ഷഹർബാനയും

‘പുഴയിലിറങ്ങരുതെന്ന് പലവട്ടം അലറിവിളിച്ചു, ഒരാൾ വലയിൽ കുടുങ്ങിയെങ്കിലും കരക്കെടുക്കുന്നതിനിടെ കൈവിട്ടുപോയി..’

ഇരിട്ടി: പുഴയോര ഭംഗി ആസ്വദിച്ചും ഫോട്ടോയും വിഡിയോയും എടുത്തും കളിച്ചു ചിരിച്ചു നടന്ന രണ്ട് പെൺകുട്ടികൾ കൺമുന്നിൽ ഒഴുക്കിൽപെട്ടതിന്റെ നടുക്കത്തിലാണ് പടിയൂരിലെ മുഹമ്മദലിയും ജബ്ബാറും. ഇരിക്കൂർ സിബ്ഗ കോളജിലെ ബി.എസ്‍സി സൈക്കോളജി വിദ്യാർഥിനികളായ ഷഹർബാനയും (28) സൂര്യയും (23) ഇരിട്ടിക്കടുത്ത പടിയൂർ പൂവം പുഴയിൽ ഒഴുക്കിൽപെടുമ്പോൾ ഇവർ അൽപം അകലെനിന്ന് മീൻ പിടിക്കുകയായിരുന്നു.

‘അവിടെ ഇറങ്ങരുതെന്നും അപകടമാണെന്നും പലവട്ടം വിളിച്ചു പറഞ്ഞിരുന്നു. കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങി​യപ്പോഴും കയറിപ്പോകാൻ പറഞ്ഞതാണ്. കുഴപ്പമില്ല ഞങ്ങൾ മുങ്ങില്ല എന്ന് അവർ മറുപടി പറഞ്ഞിരുന്നു. ഞങ്ങൾ വല കരക്കെത്തിച്ച് അവിടേക്ക് പോകാൻ നിൽക്കുമ്പോഴേക്കും രണ്ടുപേരും മുങ്ങിത്താഴ്ന്നു പോയി’ - മുഹമ്മദലിയും ജബ്ബാറും പറഞ്ഞു. പഴശ്ശി ജലസംഭരണിയുടെ റിസർവോയർ ഭാഗമാണ് പടിയൂർ പൂവ്വം പുഴ. ഇവർ മീൻപിടിക്കുന്നതിന് 200 മീറ്റർ അകലെയാണ് ​വിദ്യാർഥിനികൾ പുഴയിലിറങ്ങിയത്. ഒന്നുരണ്ടുതവണ ഒരാൾ മുങ്ങിത്താഴുന്നത് കണ്ടെങ്കിലും നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായി. രണ്ടാമത്തെ കുട്ടി ഇവരുടെ വലയിൽ കുടുങ്ങിയിരുന്നു. വലിച്ച് കരക്കടുപ്പിക്കുന്നതിനിടെ വലയിൽനിന്ന് വേർപെട്ട് പുഴയിലെ ചുഴിയിൽ മറഞ്ഞുപോയതായി മുഹമ്മദലി പറഞ്ഞു.

ഇരിട്ടിക്കടുത്ത പടിയൂർ പൂവം പുഴയിൽ ഒഴുക്കിൽപെട്ട  വിദ്യാർഥിനികൾക്ക് വേണ്ടി തിരച്ചിൽ നടക്കുന്നു

എടയന്നൂർ ഹഫ്‌സത്ത് മൻസിലിൽ ഷഹർബാനയും ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസിൽ സൂര്യയും കോളജിൽ സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് സഹപാഠിയായ പടിയൂരിലെ ജസീനയുടെ വീട്ടിലെത്തിയതായിരുന്നു. മൂവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഏറെനേരം പുഴക്കരയിലൂടെ സെൽഫിയെടുത്തും കളിച്ചുചിരിച്ചും നടന്ന ശേഷമാണ് സൂര്യയും ഷഹർബാനയും പുഴയിൽ ഇറങ്ങിയത്. കരയിൽനിന്ന് ജസീന ഇവരുടെ ഫോട്ടോ എടുത്തിരുന്നു. ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് അലറിവിളിച്ച ജസീന ബോധരഹിതയായി. വീട്ടിൽനിന്ന് പുഴക്കരയിലേക്ക് പോകുമ്പോൾ വെള്ളത്തിൽ ഇറങ്ങരുതെന്ന് പലതവണ പറഞ്ഞിരുന്നുവെന്ന് ജസീനയുടെ ഉമ്മ റഹ്‌മത്ത് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് ഞ്ചുമണിയോടെയായിരുന്നു അപകടം. എടയന്നൂർ ഹഫ്‌സത്ത്‌ മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും അഫ്സത്തിന്റെയും മകളാണ് ഷഹർബാന. വിവാഹിതയാണ്. ഏതാനും മാസം മുമ്പാണ് പിതാവ് മരണപ്പെട്ടത്. ചക്കരക്കല്ല് നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസിൽ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ.

തിരച്ചിൽ തുടരുന്നു

ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും നാട്ടുകാരും ഇന്നലെയും ഇന്നുമായി പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഇവരെ കണ്ടെത്താനായിട്ടില്ല. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയിലെ മുങ്ങൽസംഘം ഏറെനേരം ഡിങ്കിയും മറ്റും ഉപയോഗിച്ച് ഇന്നലെ തന്നെ തിരച്ചിൽ നടത്തിയിരുന്നു. ഇന്നലെ രാത്രി 7.30ഓടെ നിർത്തിയ തിരച്ചിൽ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് പുനരാരംഭിച്ചത്.

Tags:    
News Summary - students missing in iritty padiyoor poovam river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.