കൽപറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് നിലമ്പൂർ പ്രദേശവും. ചൂരൽ മലയിൽ നിന്ന് ഉരുൾപൊട്ടി ചാലിയാറിലൂടെ നിലമ്പൂർ പോത്തുകല്ലിലേക്ക് ഒഴുകിയെത്തിയത് 20 മൃതദേഹങ്ങളാണ്. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണിത്. ദുരന്തത്തിൽ ഇതുവരെ 63 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. നൂറിലേറെ പേർ മണ്ണിനടിയിലാണെന്നാണ് റിപ്പോർട്ട്.
കനത്ത മഴ തുടരുന്നതിനാൽ ചാലിയാറിലും ജനനിരപ്പ് ഉയരുകയാണ്. ചാലിയാറിന് കുറുകെ വടംകെട്ടി കരകടന്നാണ് മൃതദേഹം ആശുപത്രിയിലെത്തിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് സൈന്യവും ദുരന്തഭൂമിയിലെത്തിയിട്ടുണ്ട്. കലാവസ്ഥ പ്രതികൂലമായതിനാൽ എയർലിഫ്റ്റിങ് നടത്താനായിട്ടില്ല.
ദുരന്തത്തിൽ മുണ്ടക്കൈ ടൗൺ പൂർണമായും ഇല്ലാതായി. ഗുരുതരപരിക്കേറ്റവരടക്കം പ്രദേശത്ത് ഒറ്റപ്പെട്ടുകിടക്കുകയാണ്. ഇവർക്കരികിലേക്ക് രക്ഷാപ്രവർത്തകർക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല.
മേപ്പാടി മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടലുണ്ടായത്. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.