20 സർക്കാർ കോളജുകൾ കോൺസ്റ്റിറ്റ്യുവന്‍റ് പദവിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 20 സർക്കാർ കോളജുകളെ സവിശേഷ അധികാരങ്ങളോടെയും പ്രത്യേക ധനസഹായത്തോടെയും കോൺസ്റ്റിറ്റ്യുവന്‍റ് പദവിയിലേക്ക് ഉയർത്തുന്നത് പരിഗണനയിൽ. ഉന്നത വിദ്യാഭ്യാസമേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഡോ. ശ്യാം ബി. മേനോൻ കമീഷന്‍റെ ഇടക്കാല റിപ്പോർട്ട് ശിപാർശ പ്രകാരമാണ് നടപടി.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് 20 കോളജുകൾ കോൺസ്റ്റിറ്റ്യുവൻറ് കോളജുകളായി ഉയർത്തുന്നത് പരിശോധിക്കാൻ തീരുമാനിച്ചത്. ഈ കോളജുകളിൽ സ്ഥലംമാറ്റമില്ലാതെ, മികച്ച അധ്യാപകർക്ക് ജോലി ചെയ്യാൻ അവസരം ഒരുക്കുന്നത് ഉൾപ്പെടെ കാര്യങ്ങൾ പ്രത്യേകം ചർച്ച ചെയ്ത് തീരുമാനിക്കണമെന്ന് യോഗം നിർദേശിച്ചു.

പൈതൃക കോളജുകളായ തലശ്ശേരി ഗവ. ബ്രണ്ണൻ, പാലക്കാട് ഗവ. വിക്ടോറിയ, എറണാകുളം മഹാരാജാസ്, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജുകൾ ഉൾപ്പെടെയുള്ളവയെയായിരിക്കും കോൺസ്റ്റിറ്റ്യുവൻറ് പദവിക്ക് ആദ്യം പരിഗണിക്കുക. ഇതിൽ തലശ്ശേരി ബ്രണ്ണൻ കോളജ് വികസനത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗവും ചേർന്നിരുന്നു.

ഈ കോളജുകൾക്ക് പുറമെ നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ഗ്രേഡിങിൽ 'എ' യിൽ കുറയാത്തതോ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്ക് (എൻ.ഐ.ആർ.എഫ്) 200ൽ കുറയാത്ത റാങ്ക് നേടുകയോ ചെയ്ത കോളജുകളെയും പരിഗണിക്കാനാണ് ശിപാർശ. അധ്യാപനവും ഗവേഷണവും കൂടുതൽ ശക്തിപ്പെടുത്തിയും അടിസ്ഥാന സൗകര്യവികസനത്തിന് പ്രതിവർഷം രണ്ടുകോടി രൂപ അഞ്ചുവർഷത്തേക്ക് വകയിരുത്തിയും പദ്ധതി നടപ്പാക്കാനാണ് നിർദേശം.

അടുത്ത ഘട്ടത്തിൽ മികച്ച എയ്ഡഡ് കോളജുകൾക്കും കോൺസ്റ്റിറ്റ്യുവൻറ് പദവി നൽകാൻ ശിപാർശയുണ്ട്. കോൺസ്റ്റിറ്റ്യുവൻറ് കോളജുകളിലേക്ക് സ്വന്തമായി അധ്യാപകരെ ഗുണനിലവാരവും സുതാര്യതയും ഉറപ്പാക്കി പി.എസ്.സി വഴിയോ സമാനമായ മറ്റൊരു സമിതി വഴിയോ നിയമിക്കണം. പ്രിൻസിപ്പൽ, അധ്യാപക നിയമനം സുതാര്യരീതിയിൽ നടത്തണം.

നിലവിലുള്ള സർക്കാർ കോളജ് അധ്യാപകരിൽനിന്ന് പ്രത്യേകം അപേക്ഷ ക്ഷണിച്ച് അക്കാദമിക വിദഗ്ധർ അടങ്ങിയ സെലക്ഷൻ കമ്മിറ്റി അധ്യാപകരെ തെരഞ്ഞെടുക്കണം. ഇങ്ങനെ തെരഞ്ഞെടുക്കുന്നവരെ കോൺസ്റ്റിറ്റ്യുവൻറ് കോളജുകളിലെ സ്ഥിരം അധ്യാപകരാക്കി മാറ്റണം. കോൺസ്റ്റിറ്റ്യുവൻറ് കോളജുകളിലും മറ്റ് അഫിലിയേറ്റഡ് കോളജുകളിലും സേവന/ വേതന വ്യവസ്ഥകളിൽ മാറ്റമുണ്ടാകരുതെന്നും കമീഷൻ പറയുന്നു.

കോൺസ്റ്റിറ്റ്യുവന്റ് കോളജ്

സർവകലാശാലകളിലെ അധ്യാപന, ഗവേഷണ സൗകര്യങ്ങളോട് കിടപിടിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന, ഘടക കോളജുകളാണ് കോൺസ്റ്റിറ്റ്യുവൻറ് കോളജുകൾ. അഫിലിയേറ്റഡ് കോളജുകളിൽനിന്ന് പി.ജി പഠന, ഗവേഷണ മികവുകൾകൂടി പരിഗണിച്ചായിരിക്കണം തെരഞ്ഞെടുപ്പ്.

സർവകലാശാല കേന്ദ്രങ്ങളുമായുള്ള ബന്ധത്തിലൂടെ ഉയർന്ന ഗവേഷണശേഷിയുള്ള സ്ഥാപനങ്ങളാക്കി ഈ കോളജുകളെ മാറ്റണമെന്നാണ് ശിപാർശ. പദവി ലഭിക്കുന്ന കോളജുകൾക്ക് സ്റ്റാറ്റ്യൂട്ടറി അധികാരമുള്ള ഗവേണിങ് ബോഡി വേണം.

സർവകലാശാലകളിലെയും ബന്ധപ്പെട്ട കോളജിലെയും സീനിയർ അധ്യാപകർ, പൊതുസമൂഹം, പ്രഫഷനൽ, വ്യവസായമേഖല തുടങ്ങിയവയിൽനിന്നുള്ള പ്രഗല്ഭർ എന്നിവർ ഗവേണിങ് ബോഡി അംഗങ്ങളാകണം. അക്കാദമിക്/ പ്രഫഷനൽ/ വ്യവസായ മേഖലയിൽനിന്നുള്ള പ്രഗല്ഭൻ ഗവേണിങ് ബോഡിയുടെ ചെയർമാനും കോളജ് പ്രിൻസിപ്പൽ മെംബർ സെക്രട്ടറിയുമാകണം.



Tags:    
News Summary - 20 Government Colleges to Constituent Status

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.