മൂന്ന് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ: മന്ത്രി വി. ശിവൻകുട്ടി

കൊച്ചി:മൂന്ന് വർഷത്തിനുള്ളിൽ ഇരുപത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കർമചാരി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഔദ്യോഗിക പോർട്ടലിന്റെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പാർട് ടൈം ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് കർമ്മചാരി. സ്വകാര്യമേഖലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്റ്റാർ ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, ഫുഡ് ഔട്ട് ലെറ്റുകൾ, വസ്ത്ര വ്യാപാര കേന്ദ്രങ്ങൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ അവസരങ്ങൾ, ഐ.ടി അധിഷ്ഠിത ജോലികളുമുണ്ടാകും.

സ്കൂളിലോ കോളജിലോ പഠിക്കുമ്പോൾ തന്നെ വിലപ്പെട്ട പ്രവർത്തന പരിചയം നേടാൻ ഇത് സഹായിക്കും. ഈ പദ്ധതി വഴി വിദ്യാർഥികൾക്ക് തങ്ങളുടെ ചെലവിനാവശ്യമായ പണം സമ്പാദിക്കാൻ കഴിയും. വിദ്യാർഥികൾക്ക് തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും പ്രവർത്തന പരിചയം നേടാനും പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കർമ്മചാരി പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ച വിദ്യാർഥികൾക്ക് മന്ത്രി നിയമനോത്തരവ് കൈമാറി. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെയാണ് കർമചാരി പദ്ധതി നടപ്പാക്കുന്നത്.

പാടിവട്ടം അസീസിയ കൺവെഷൻ സെന്ററിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ ഉമ തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ മുഖ്യാതിഥിയായി. 

Tags:    
News Summary - 20 lakh jobs in three years: Minister V. Shivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.