വിഴിഞ്ഞം തറക്കല്ലിടല്‍ ചടങ്ങില്‍ എല്‍.ഡി.എഫ് പങ്കെടുക്കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയും തുറമുഖ മന്ത്രിയും ആരോപണ വിധേയരായ സാഹചര്യത്തില്‍ അഞ്ചിന് നടക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍െറ തറക്കല്ലിടല്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്‍.ഡി.എഫ് തീരുമാനം. സോളാര്‍ കുംഭകോണത്തിലെ പുതിയ വെളിപ്പെടുത്തലിന്‍െറ വെളിച്ചത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബാര്‍ കോഴയില്‍ ആരോപണ വിധേയനായ മന്ത്രി കെ. ബാബുവും രാജിവെക്കണം. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടതായി എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെയും മന്ത്രി കെ.ബാബുവിന്‍െറയും രാജി ആവശ്യപ്പെട്ട് ഈമാസം 11ന് സെക്രട്ടേറിയറ്റിലേക്കും 13 ജില്ലാ കേന്ദ്രങ്ങളിലേക്കും ബഹുജന മാര്‍ച്ച് നടത്താന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു. സോളാര്‍ കമീഷനില്‍ ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച രീതിയിലുള്ള ആക്ഷേപം ഒരു മുഖ്യമന്ത്രിക്കെതിരെ കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. പൊതുപ്രവര്‍ത്തനത്തിലെ ധാര്‍മികതയുടെ ചെറിയ അംശം ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം രാജിവെക്കുമായിരുന്നു. സരിതയെയും ബിജു രാധാകൃഷ്ണനെയും ആദ്യം അറിയില്ളെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പിന്നീട് തെളിവുകള്‍ വന്നപ്പോഴാണ് സമ്മതിച്ചത്. മുന്‍ പ്രസ്താവനയില്‍നിന്ന് വ്യത്യസ്തമായി, എറണാകുളം ഗെസ്റ്റ്ഹൗസില്‍ ബിജുവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ തങ്ങള്‍ക്കൊപ്പം മറ്റൊരാള്‍കൂടി ഉണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടി അധികാരത്തിലിരുന്ന് നടത്തുന്ന അന്വേഷണം നിരര്‍ഥകമാവും. അതിനാല്‍ അദ്ദേഹം രാജിവെക്കണം. വിഴിഞ്ഞം തുറമുഖ വികസനത്തിന് എല്‍.ഡി.എഫ് എതിരല്ല. അതിനോട് പൂര്‍ണമായി സഹകരിക്കും. തുറമുഖ പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് ബഹിഷ്കരിക്കുന്നില്ളെന്നും മുഖ്യമന്ത്രിയും മന്ത്രിയും ആരോപണ വിധേയരായ സാഹചര്യത്തില്‍ മാറിനില്‍ക്കുകയാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.