ഉന്നതവിദ്യാഭ്യാസമേഖലക്ക് അനുമതി; ശിപാര്‍ശക്ക് തത്ത്വത്തില്‍ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേകപദവിയുള്ള ഉന്നത വിദ്യാഭ്യാസമേഖലക്ക് അനുമതി നല്‍കാനുള്ള ശിപാര്‍ശക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കിയതായി വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇതിനായി താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഉന്നത അക്കാദമിക് മേഖലകളിലെ കോഴ്സുകള്‍ക്ക് ഫീസ് നിശ്ചയിക്കാനുള്ള അവകാശം വിദ്യാഭ്യാസ ഏജന്‍സിക്കായിരിക്കും. പ്രത്യേക എക്സ്പോര്‍ട് പ്രോസസിങ് സോണുകളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളായ ഭൂമിയുടെ രജിസ്ട്രേഷന്‍ ഫീസ,് നികുതിയിളവുകള്‍ തുടങ്ങിയവ ഉന്നതവിദ്യാഭ്യാസ മേഖലക്കും ലഭ്യമാക്കും.

പ്രമുഖ വിദേശസര്‍വകലാശാലകളുമായി ചേര്‍ന്ന് അന്താരാഷ്ട്രതലത്തിലെ നവീന കോഴ്സുകള്‍ ചെലവുകുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. സ്വദേശ-വിദേശ വിദ്യാര്‍ഥികള്‍ക്ക് ചെലവുകുറഞ്ഞ രീതിയില്‍ വിദേശ സര്‍വകലാശാലാകോഴ്സുകള്‍ പഠിക്കാനുള്ള അവസരം ഒരുക്കുന്നതുവഴി കേരളം മികവുറ്റ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാകും.

സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന അക്കാദമിക്സിറ്റിക്കായി പ്രത്യേകം നിയമം പാസാക്കും. അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം ഉറപ്പുവരുത്തല്‍, വിദ്യാഭ്യാസ ഏജന്‍സികളുടെ ലൈസന്‍സ് പുതുക്കുക തുടങ്ങിയവയാണ് അക്കാദമിക് സിറ്റിയുടെ ചുമതല. അക്കാദമിക് സിറ്റിക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍, സര്‍വകലാശാലകള്‍, ദേശീയ സ്ഥാപനങ്ങള്‍, കേന്ദ്ര മാനവശേഷി മന്ത്രാലയം, വിദേശകാര്യ വകുപ്പ് എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി അക്കാദമിക് സിറ്റി അതോറിറ്റി രൂപവത്കരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.