പാലക്കാട്: നല്ല ഭക്ഷണവും വിദ്യാഭ്യാസവും കിട്ടുമെന്നതിനാലാണ് കേരളത്തിലെ അനാഥാലയത്തിൽ ചേർന്നതെന്ന് ബിഹാറിൽനിന്നുള്ള വിദ്യാർഥികൾ സി.ബി.ഐ മുമ്പാകെ മൊഴി നൽകി. ഉത്തരേന്ത്യയിൽനിന്ന് കുട്ടികളെ കൊണ്ടുവന്ന കേസിെൻറ അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ സംഘം മുക്കം മുസ്ലിം ഓർഫനേജ് കമ്മിറ്റിക്ക് കീഴിലുള്ള മണാശ്ശേരിയിലെ അനാഥാലയത്തിൽ നടത്തിയ തെളിവെടുപ്പിലാണ് ബിഹാറിൽനിന്നുള്ള വിദ്യാർഥികൾ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലേക്ക് വരാൻ ആരും നിർബന്ധിച്ചിട്ടില്ലെന്നും അനാഥാലയത്തിലെ സൗകര്യങ്ങളിൽ തങ്ങൾ സംതൃപ്തരാണെന്നും വിദ്യാർഥികൾ വ്യക്തമാക്കി. ദാരിദ്യ്രം കാരണം വീട്ടിൽ നല്ല ഭക്ഷണം പലപ്പോഴും ഉണ്ടാവാറില്ല. സ്കൂളുകൾ വളരെ അകലെയാണെന്നും ഇവർ പറഞ്ഞു. കേരളത്തിലേക്ക് വരാൻ ബിഹാർ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു.
മുക്കം ഓർഫനേജിലെത്തി സി.ബി.ഐ സംഘം കുട്ടികളുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു. അമുസ്ലിം കുട്ടികളെ ഓർഫനേജിൽ ചേർക്കാറുണ്ടോയെന്നും ഇവിടെ ചേർത്ത കുട്ടികളുടെ ആദ്യത്തെ പേര് എന്താണെന്നും സി.ബി.ഐ ആരാഞ്ഞു. മുസ്ലിം കുട്ടികൾക്ക് മാത്രമേ ഓർഫനേജിൽ പ്രവേശം നൽകാറുള്ളൂവെന്നും മതം മാറ്റുന്നുവെന്ന ദുഷ്പ്രചാരണം ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും മാനേജ്മെൻറ് വ്യക്തമാക്കി. ഇതര മതങ്ങളിലെ അർഹരായ കുട്ടികൾക്കും ഓർഫനേജ് സഹായം നൽകാറുണ്ട്. വിദേശ ഫണ്ടിെൻറ വിവരങ്ങൾ സി.ബി.ഐ ആരാഞ്ഞു. ഓർഫനേജ് നടത്തിപ്പിന് വിദേശഫണ്ട് ലഭിക്കുന്നില്ലെന്നും എമിറേറ്റ്സ് റെഡ്ക്രസൻറ് എന്ന സന്നദ്ധ സംഘടന 807 കുട്ടികൾക്ക് പ്രതിവർഷം 135 ദിർഹം എന്ന തോതിൽ നൽകുന്നുണ്ടെന്നും മാനേജ്മെൻറ് പറഞ്ഞു. കോഴിക്കോട് ജില്ലയിൽ വീടുകളിൽ താമസിക്കുന്ന പാവപ്പെട്ട കുട്ടികൾക്കാണ് ഇത് കൊടുക്കുന്നത്. രക്ഷിതാക്കളുടെ പേരിൽ ബാങ്ക് വഴിയാണ് തുക നൽകുന്നതെന്ന് മാനേജ്മെൻറ് വ്യക്തമാക്കി. ഓർഫനേജ് സ്കൂളിൽ അധ്യാപകരായി നിയമിക്കപ്പെടുന്നത് ഓർഫനേജ് ടി.ടി.ഐയിൽനിന്ന് പഠനം പൂർത്തിയാക്കിയ അനാഥകളെയാണ്. അധ്യാപക തസ്തിക സൃഷ്ടിക്കാനാണ് കുട്ടികളെ കൊണ്ടുവരുന്നതെന്ന ആരോപണം വസ്തുതയല്ലെന്നും മാനേജ്മെൻറ് വ്യക്തമാക്കി.
ഓർഫനേജ് വൈസ് പ്രസിഡൻറ് മുഹമ്മദ് മോൻ ഹാജിയെ പാലക്കാട്ടേക്ക് വിളിപ്പിച്ച് സി.ബി.ഐ ഡിവൈ.എസ്.പി സുഭാഷ് കുന്ദ് മൊഴി രേഖപ്പെടുത്തി. മതിയായ രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്നതു സംബന്ധിച്ചായിരുന്നു ഡിവൈ.എസ്.പി ആരാഞ്ഞത്. കുട്ടികളോടൊപ്പം 44 രക്ഷിതാക്കൾ ഉണ്ടായിരുന്നെന്നും ഇവരാണ് കുട്ടികളെ കൊണ്ടുവന്നതെന്നും മുഹമ്മദ് മോൻ ഹാജി പറഞ്ഞു. രക്ഷിതാക്കളിൽ ചിലർ ഓർഫനേജിൽ ജോലി ചെയ്യുന്നുണ്ട്. രക്ഷിതാക്കൾക്കോ കുട്ടികൾക്കോ പരാതിയില്ല. ഓർഫനേജിൽ പഠിക്കുന്ന കുട്ടികൾക്ക് വേനലവധി കഴിഞ്ഞുമടങ്ങാൻ തങ്ങൾ മടക്ക ടിക്കറ്റടക്കം ബുക്ക് ചെയ്തു നൽകിയിരുന്നു. ഓർഫനേജ് കൺട്രോൾ ബോർഡ് ചട്ടപ്രകാരമാണ് അനാഥാലയം പ്രവർത്തിക്കുന്നത്. രേഖകൾ പരിശോധിക്കേണ്ടത് സർക്കാർ വകുപ്പുകളാണെന്നും മുഹമ്മദ് മോൻ ഹാജി പറഞ്ഞു. വെട്ടത്തൂർ ഓർഫനേജും സി.ബി.ഐ സംഘം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.