കാലിക്കറ്റ് പ്രൊ വി.സി നിയമനം: പട്ടിക സമര്‍പ്പിക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ പ്രൊ വൈസ് ചാന്‍സലറെ നിയമിക്കുന്നതിന് മൂന്നംഗ പട്ടിക സമര്‍പ്പിക്കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ പി. സദാശിവത്തിന്‍െറ നിര്‍ദേശം. ഒരാഴ്ചക്കകം പേരുകള്‍ സമര്‍പ്പിക്കാന്‍ കാലിക്കറ്റ് വി.സി ഡോ. കെ. മുഹമ്മദ് ബഷീറിനോടാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചത്. പ്രൊ. വി.സി സ്ഥാനത്തേക്ക് കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. പി. രവീന്ദ്രന്‍െറ പേര് മാത്രമുള്ള ഫയല്‍ നേരത്തേ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍, ഇതിനു മുമ്പേ പ്രൊ. വി.സി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പാനല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ വി.സിക്ക് കത്തയക്കുകയും ചെയ്തു. സര്‍ക്കാര്‍ നല്‍കിയ പേര് തള്ളാതെ തന്നെ പാനല്‍ ആവാമെന്ന് ഗവര്‍ണര്‍ തീരുമാനിക്കുകയായിരുന്നു.
യു.ഡി.എഫ് ധാരണപ്രകാരം കോണ്‍ഗ്രസിനാണ് കാലിക്കറ്റ് പ്രൊ വി.സി സ്ഥാനം. അതിനാല്‍, മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ താല്‍പര്യം പരിഗണിച്ചുള്ള പട്ടികയാവും തയാറാക്കുക. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഡോ. രവീന്ദ്രന്‍െറ പേര് സമര്‍പ്പിച്ചത്. ഇദ്ദേഹത്തിന്‍െറ പേരുകൂടി ഉള്‍പ്പെടുന്ന പട്ടിക വി.സി ഈയാഴ്ചതന്നെ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുമെന്നാണ് വിവരം. അതിനിടെ, പാനലില്‍ കയറിക്കൂടാന്‍ കോണ്‍ഗ്രസില്‍ ഒട്ടേറെ പേര്‍ രംഗത്തുണ്ട്. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ് അടിസ്ഥാനത്തിലാണ് ചരടുവലി. കാലിക്കറ്റിലെ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന സ്റ്റാഫ് ഓര്‍ഗനൈസേഷന്‍, അധ്യാപക സംഘടന ടീച്ചേഴ്സ് അസോസിയേഷന്‍ എന്നിവരുടെ പിന്തുണ ഡോ. രവീന്ദ്രനുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.