എസ്​.ഐ ലിസ്​റ്റ് അട്ടിമറി: നിയമം വെട്ടിച്ച് ആഭ്യന്തര വകുപ്പ്

കോഴിക്കോട്: പി.എസ്.സി അഡ്വൈസ് ചെയ്ത 339 എസ്.ഐ തസ്തികകളിൽ 255 എണ്ണം പൊലീസിൽ ഒഴിവില്ലെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാദം ഹൈകോടതിയുടെയും കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെൻറയും വിധികൾക്കും ആഭ്യന്തര വകുപ്പിെൻറ മുൻ ഉത്തരവുകൾക്കും വിരുദ്ധം. പൊലീസ് മാന്വൽ പ്രകാരമുള്ള നിയമന അനുപാതവും സർക്കാർ അട്ടിമറിച്ചു. കഴിഞ്ഞ ദിവസം നിയമസഭയിൽ നൽകിയ മറുപടിയിലാണ്  84 ഒഴിവുകൾ മാത്രമേയുള്ളൂവെന്ന്  മന്ത്രി പറഞ്ഞത്. 2015 ആഗസ്റ്റ് 22ന്  അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ നടത്തിയ വിധിയിൽ തള്ളിയ വാദമാണ് സർക്കാർ വീണ്ടും ഉന്നയിച്ചത്.  

1940 എസ്.ഐ തസ്തികയിൽ 490 എണ്ണം സ്ഥാനക്കയറ്റം വഴിയും 34 എ.ആർ തസ്തിക വഴിയും ഉള്ളതാണെന്നും ഇതിനകം 619 പേർ നിയമനം നേടിയതിനാൽ ശേഷിക്കുന്ന ഒഴിവുകളേ ഉള്ളൂവെന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ, 490 പേർക്ക് സ്ഥാനക്കയറ്റം  നൽകിയത് പുതിയ തസ്തിക സൃഷ്ടിച്ചല്ലെന്ന 2012 മാർച്ച് 15ന് സംസ്ഥാന പൊലീസ് മേധാവി സർക്കാറിന് നൽകിയ കത്ത് ചൂണ്ടിക്കാണിച്ച് ട്രൈബ്യൂണൽ ഈ വാദം തള്ളുകയായിരുന്നു. 1940 തസ്തികകളിൽ ഗ്രേഡ് എസ്.ഐമാരെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് 2014 ഡിസംബർ 15ന് തോമസ്ചാണ്ടി, എ.കെ. ശശീന്ദ്രൻ എം.എൽ.എ എന്നിവർക്ക് നിയമസഭാ സബ്മിഷൻ മറുപടിയായും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ മന്ത്രി നിയമസഭയിൽ മറച്ചുവെച്ചു.

2014 ആഗസ്റ്റ് 26ന് 137 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ച ഹൈകോടതി വിധിക്കെതിരെ ആഭ്യന്തര വകുപ്പ് നൽകിയ റിവ്യൂ ഹരജിയും ഹൈകോടതി തള്ളി. ഈ ഒഴിവുകൾ വിമാനത്താവളങ്ങളിലേക്കും തുറമുഖങ്ങളിലേക്കും മാത്രമുള്ളതാണ് എന്നായിരുന്നു സർക്കാർ വാദം. എന്നാൽ, ഇവയിൽ നിയമിക്കപ്പെടുന്നവർ പൊലീസ് വകുപ്പിെൻറ  ഭാഗമാണ് എന്ന 2012 ജനുവരി 28െൻറ സംസ്ഥാന പൊലീസ് മേധാവിയുടെ തന്നെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് 2014 ഒക്ടോബർ 30ന് ഹൈകോടതിയും സർക്കാറിെൻറ വാദം തള്ളിയത്.

സർക്കാർ ഇനി അപ്പീലിന് പോകുന്നില്ലെന്നും നിയമന തടസ്സമില്ലെന്നും 2015 ഫെബ്രുവരി 16ന് പി.എസ്.സിക്ക് ഡി.ജി.പി കത്ത് നൽകുകയും ചെയ്തു. തുടർന്നാണ് 118 തസ്തികകൾ കൂടി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ 2015 നവംബർ  11ന് സർക്കാറിനോട് ആവശ്യപ്പെട്ടത്. 1940 തസ്തികകളിൽ ഇതിനകം പ്രമോഷൻ വഴി 1230 പേർ നിയമനം നേടിയതോടെ നിയമന അനുപാതം 34:66 ആയി. ഇങ്ങനെ പൊലീസ് മാന്വൽ പ്രകാരമുള്ള 50:50 അനുപാതവും അട്ടിമറിച്ചു.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.