കർണാടകയിൽനിന്ന്​ ലോഡുമായി മടങ്ങുന്നതിനു മുമ്പ് സമീർ എടുത്ത ലോറികളുടെ ചിത്രം

‘ഗോകർണത്തെ ലക്ഷമണേട്ടന്റെ കടയുടെ അടുത്ത് ലോറി നിർത്തി ഉറങ്ങാൻ പോകുന്നു’ -അർജുന്റെ അപകടം സ്ഥിരീകരിച്ചത് സമീറുമായുള്ള ഫോൺ സംഭാഷണം

കോഴിക്കോട്: കർണാടകയിൽ മണ്ണിടിഞ്ഞ് അപകടത്തിൽപെട്ട അർജുനെക്കുറിച്ച് നാലുദിവസമായി വിവരമില്ലെങ്കിലും അപകടത്തിൽപെട്ട സ്ഥലത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞത് സുഹൃത്ത് സമീറുമായുളള സംസാരം. അപകടത്തിൽപെടുന്ന ദിവസം പുലർച്ച മൂന്നരവരെ അർജുൻ സമീറുമായി സംസാരിച്ചിരുന്നു.

കിണാശ്ശേരിയിലെ മരമില്ലുടമകളായ മുബീനിന്റെയും മനാഫിന്റെയും ലോറികളിലെ ഡ്രൈവർമാരായിരുന്നു അർജുനും സമീറും. ഇരുലോറികളും അടുത്തടുത്താണ് ലോഡിന് വെച്ചത്. ഇതിന്‍റെ ഫോട്ടോ സമീർ എടുക്കുകയുംചെയ്തു. അർജുൻ ലോഡ് കയറ്റുന്നതിന്റെ തലേദിവസം മരംകയറ്റി എടവണ്ണപ്പാറയിലേക്ക് പോരുകയായിരുന്നു സമീർ.

പയ്യോളിക്കടുത്ത് ഗതാഗതകുരുക്കിൽപെട്ടപ്പോൾ അർജുനുമായി ദീർഘനേരം ഫോണിൽ സംസാരിച്ചു. താൻ ഗോകർണത്തെ ലക്ഷമണേട്ടന്റെ കടയുടെ അടുത്താണെന്നും ലോറി ഇവിടെ നിർത്തി ഉറങ്ങാൻ പോവുകയാണെന്നും അർജുൻ അറിയിച്ചതായി സമീർ പറഞ്ഞു. ഉച്ചയോടെ മണ്ണിടിച്ചിൽ വാർത്ത കേട്ടപ്പോൾ ഉടമകൾ വിളിച്ചെങ്കിലും അർജുനെ കിട്ടിയില്ല.

ലോറിയുടെ ജി.പി.എസ് സിഗ്നൽ ലഭിച്ച സ്ഥലം പറഞ്ഞതുപ്രകാരം അർജുൻ അപകടത്തിൽപെട്ടെന്ന് ഉറപ്പിക്കുകയായിരുന്നു. മണ്ണിടിച്ചിൽ നിരവധി വാഹനങ്ങൾ അകപ്പെട്ടതായാണ് അറിവെന്ന് സമീർ പറഞ്ഞു. പ്രതികൂല കാലാവസ്ഥയും കൂടുതൽ മണ്ണിടിയുമെന്ന ആശങ്കയുമാണ് രക്ഷാപ്രവർത്തനം ദുഷ്കരമാകുന്നത്. അർജുന്‍റെ ബന്ധുക്കളും ലോറി ഉടമകളും മറ്റും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.

Tags:    
News Summary - landslide disaster in Karnataka: Arjun and lorry still not found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.