കൊച്ചി: കേരള, എം.ജി, മലയാളം സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തിന് ചാൻസലർ കൂടിയായ ഗവർണർ സർച്ച് കം സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച നടപടിക്കും ഹൈകോടതിയുടെ സ്റ്റേ. ചാൻസലറുടെ നടപടിക്കെതിരെ സർക്കാറും സർവകലാശാലകൾക്ക് വേണ്ടി സെനറ്റ് അംഗങ്ങളുമാണ് ഹൈകോടതിയെ സമീപിച്ചത്. ചാൻസലർ അടക്കമുള്ളവർക്ക് നോട്ടീസ് നൽകാൻ ഉത്തരവിട്ട ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ, വിശദവാദത്തിന് ഹരജികൾ മാറ്റി. കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) വി.സി നിയമനത്തിന് സെലക്ഷൻ കമ്മിറ്റിയുണ്ടാക്കിയതും കഴിഞ്ഞദിവസം ഇതേ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
സെനറ്റ്, യു.ജി.സി, ചാൻസലർ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെട്ടതാകണമെന്നിരിക്കെ സെനറ്റ് പ്രതിനിധിയെ ഉൾപ്പെടുത്താതെയാണ് സെലക്ഷൻ കമ്മിറ്റിയുണ്ടാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് എം.ജി സെനറ്റ് അംഗമായ ഡോ. ലിബിൻ കുര്യാക്കോസ് അടക്കമുള്ളവർ ഹരജി നൽകിയിരിക്കുന്നത്. ചാൻസലർ, സർക്കാർ, യു.ജി.സി എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെട്ടതായിരിക്കണം സർച്ച് കമ്മിറ്റിയെന്നിരിക്കെ രണ്ടംഗങ്ങളെ മാത്രം ഉൾപ്പെടുത്തിയാണ് ഗവർണർ ജൂൺ 29ന് കമ്മിറ്റിയുണ്ടാക്കിയതെന്നാണ് മലയാളം സർവകലാശാലയുമായി ബന്ധപ്പെട്ട് സർക്കാറിന്‍റെ വാദം. ഇതിന് പിന്നാലെ ജൂലൈ ഒന്നിന് സർക്കാറും സർച്ച് കമ്മിറ്റിക്ക് രൂപം നൽകി.
കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെ കണ്ടെത്താനുള്ള സെർച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് വെള്ളിയാഴ്ച ചേർന്ന പ്രത്യേക സെനറ്റ് യോഗം തീരുമാനിച്ചു. യു.ഡി.എഫ്-ബി.ജെ.പി അംഗങ്ങളുടെ എതിർപ്പിൽ വോട്ടിനിട്ടാണ് തീരുമാനമെടുത്തത്.
സെനറ്റ് പ്രതിനിധിയെ നിശ്ചയിച്ച് ഗവർണറെ അറിയിക്കണമെന്ന അജണ്ട വൈസ് ചാൻസലർ ചർച്ചക്ക് എടുത്തപ്പോൾ സി.പി.എമ്മിലെ പി.പി. ദിവ്യയാണ് എതിർപ്പുമായി ആദ്യം രംഗത്തെത്തിയത്. വി.സി നിയമനത്തിൽ നിയമസഭ പാസാക്കിയ ബിൽ കോടതിയുടെ പരിഗണനയിലാണെന്നും അജണ്ട പിൻവലിക്കണമെന്നും പ്രമേയമായി ഇവർ അവതരിപ്പിച്ചു. അതിനാൽ, ഗവർണർ നിർദേശിച്ചതുപോലെ സെർച് കമ്മിറ്റിയിലേക്ക് കണ്ണൂർ സെനറ്റ് പ്രതിനിധിയെ അയക്കേണ്ടതില്ലെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അവർ ഉന്നയിച്ചു.
അജണ്ടക്കെതിരെ പ്രമേയം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് അംഗങ്ങൾ രംഗത്തുവന്നു. ഏറെനേരത്തെ വാക്കേറ്റത്തിനും ബഹളത്തിനും ഇത് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.