ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണം ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ബിജു രമേശ്

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ  തുടരന്വേഷണം ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ബിജു രമേശ്. സി.ബി.ഐ അന്വേഷണം  ആവശ്യപ്പെട്ട്  കേസില്‍ ആരോപണവിധേയനായ പ്രിയന്‍ നല്‍കിയ ഹരജിയിലാണ് ഈ ആവശ്യമുന്നയിച്ച് ബിജു രമേശ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസ് അട്ടിമറിക്കാനും സി.ബി.ഐ അന്വേഷണം ഒഴിവാക്കാനുമാണ് ആരോപണവിധേയന്‍ തന്നെ സി.ബി.ഐ അന്വേഷണ ആവശ്യമുന്നയിച്ച് ഹരജി നല്‍കിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
പത്രവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഹരജി. കേസിലെ ആരോപണവിധേയര്‍ ഉന്നതരും രാഷ്ട്രീയ, സാമുദായിക, സാമ്പത്തിക സ്വാധീനമുള്ളവരുമാണ്. ഇതുവരെ  നടന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ കോടതി വിളിച്ചുവരുത്തി  പരിശോധിക്കണമെന്നും  മരണവുമായി ബന്ധപ്പെട്ട് തനിക്ക്  ലഭിച്ച ഊമക്കത്തിന്‍െറ ഉള്ളടക്കത്തെക്കുറിച്ച്  അന്വേഷണം  നടത്തണമെന്നും  ഹരജിയില്‍ ആവശ്യമുണ്ട്. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് ബിജു രമേശ് ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലെ ആരോപണങ്ങളും സത്യവാങ്മൂലത്തിലുണ്ട്. നീന്തല്‍ അറിയുന്ന സ്വാമി മുങ്ങിമരിക്കാനുള്ള സാധ്യതയില്ളെന്നും ബിജു രമേശ്് സത്യവാങ്മൂലത്തിലും പറയുന്നു.
 തുടരന്വേഷണം  ആവശ്യപ്പെട്ട് ഓള്‍ കേരള ആന്‍റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പള്ളുരുത്തിയിലെ  പ്രിയനും സമര്‍പ്പിച്ച ഹരജികളാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷ  പരിഗണിച്ചത്. ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.