കൊച്ചിയിലെ മൂപ്പിളമ തര്‍ക്കം

കൊച്ചി: മാങ്ങയാണോ മാങ്ങായണ്ടിയാണോ മൂത്തത്? കാലങ്ങളായി പണ്ഡിതര്‍ നടത്തിയിരുന്ന ചര്‍ച്ചയാണിത്. പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്ത് തളര്‍ന്നപ്പോള്‍ പ്രശ്നം നഴ്സറിപ്പിള്ളേര്‍ക്ക് വിട്ടു. ഇപ്പോള്‍ കുറേക്കാലമായി നഴ്സറിപ്പിള്ളേരും ഈ ചോദ്യം ഉന്നയിക്കാറില്ല. പക്ഷേ, ഒരു പ്രശ്നത്തെ അങ്ങനെ വഴിയില്‍ തള്ളാന്‍ അധികൃതര്‍ക്ക് കഴിയില്ലല്ളോ. അങ്ങനെയാണ് കൊച്ചിയിലെ ഭരണകര്‍ത്താക്കള്‍ ഈ പ്രശ്നം ഏറ്റെടുത്തത്. പ്രധാനമന്ത്രി വന്നാലും പോയാലും പ്രശ്നമല്ല, അധികാരം ആര്‍ക്കെന്നതാണ് പ്രശ്നം.

കൊച്ചി കോര്‍പറേഷനില്‍ പുതിയ ഭരണസമിതി വന്നപ്പോഴാണ് പ്രശ്നം. കഴിഞ്ഞ നാല് പതിറ്റാണ്ടിലെ കണക്കെടുത്താല്‍ മുപ്പത്തിയഞ്ച് കൊല്ലവും ഇടതുമുന്നണിയാണ് കോര്‍പറേഷന്‍ ഭരിച്ചിരുന്നത്. അവരുടെ കൈയിലിരുപ്പ് കൊണ്ട് അഞ്ചു കൊല്ലം മുമ്പ് ജനം കോര്‍പറേഷന്‍ ഭരണം യു.ഡി.എഫിന് വെച്ചുനീട്ടി. കിട്ടിയ അഞ്ചു കൊല്ലം കൊണ്ട് കൊച്ചിയെ സ്മാര്‍ട്ടാക്കാമെന്നാണ് യു.ഡി.എഫ് തീരുമാനിച്ചത്. തമ്മില്‍തല്ലിയും കാലുവാരിയും ഒരുവിധം അഞ്ചു കൊല്ലം ഭരിച്ചു. ദോഷം പറയരുതല്ളോ, ഭരണക്കാര്‍ എന്തായാലും ജീവനക്കാര്‍ സ്മാര്‍ട്ടായി. ജീവനക്കാര്‍ കൃത്യസമയത്ത് വരുന്നതും പോകുന്നതും രേഖപ്പെടുത്താന്‍ കോര്‍പറേഷനില്‍ സ്ഥാപിച്ച പഞ്ചിങ്് യന്ത്രം കണ്ണടച്ചുതുറക്കുന്ന വേഗത്തിലല്ളേ കേടാക്കിയത്. തീര്‍ന്നില്ല, ഒരു ദിവസം രാവിലെ നോക്കുമ്പോള്‍ കോര്‍പറേഷനിലെ ഫയലുകള്‍ നഗരത്തിലെ ആക്രിക്കടയില്‍. നഗരത്തില്‍ നിന്ന് മാലിന്യം നീക്കാന്‍ വാങ്ങിയ മുച്ചക്ര വാഹനങ്ങള്‍ മുതുകാടിനെയും അത്ഭുതപ്പെടുത്തുന്ന വേഗത്തില്‍ വാനിഷിങ്് ആയി. ഇതിനൊക്കെയല്ളേ സ്മാര്‍ട്ട് എന്നാണ് പറയുന്നത്.

ഭരണക്കാരും വെറുതേയിരുന്നില്ല. കൊച്ചി സ്മാര്‍ട്ടാകുന്നതിന് പ്രധാന തടസം അതിന്‍െറ നിറമാണ് പ്രധാന തടസമെന്ന് അവര്‍ ഗവേഷണം നടത്തി കണ്ടുപിടിച്ചു. പിന്നെ കൊച്ചിക്ക് പറ്റിയ നിറമെന്ത് എന്നായി ചിന്ത. ഓണ്‍ലൈന്‍ പെണ്‍വാണിഭവും സി.ഡി ബ്ളാക്മെയിലുമൊക്കെയുള്ള നഗരത്തിന് നീലയല്ലാതെ മറ്റെന്ത് നിറം നല്‍കും? അങ്ങനെ അത് തീരുമാനമായി. ആദ്യഘട്ടമായി നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ നീല നിറമാക്കാന്‍ ഉത്തരവായി. രണ്ടാംഘട്ടമായി നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് നീലനിറം നല്‍കുന്നതിനെ പറ്റിയായി ചിന്ത. ഭാഗ്യത്തിന് മൂന്നാംഘട്ട ചിന്ത വരുന്നതിന് മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പ് വന്നു. അല്ളെങ്കില്‍ നഗരത്തിലത്തെുന്നവര്‍ മുഴുവന്‍ നീല മുണ്ടും നീല ഷര്‍ട്ടും ധരിച്ച് നീലക്കുറുക്കന്മാരായി എത്തണമെന്നായേനെ ഉത്തരവ്.

പുതിയ ഭരണസമിതി വന്നുമില്ല, പഴയതിന്‍െറ കാലാവധി കഴിയുകയും ചെയ്തു എന്നായപ്പോള്‍, നഗരത്തിന് ഒരു മേയര്‍ വേണമല്ളോ. അങ്ങനെ ജില്ലാ കലക്ടറെ പിടിച്ച് മേയറാക്കി. ഭസ്മാസുരന് വരം നല്‍കിയ പോലായി കഥ. മേയറായ കലക്ടര്‍ ആദ്യം കോര്‍പറേഷനിലത്തെി ചെയ്തത് പഞ്ചിങ്് മെഷിന്‍ പുന$സ്ഥാപിക്കലായിരുന്നു. പിന്നെ സി.സി ടി.വി വെച്ചു. സെക്രട്ടറിയുടെ മുറിയിലിരുന്നാല്‍ ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്ന് കാണാനാകും. ചുരുങ്ങിയത് ആക്രിക്കടയിലേക്ക് ആരാണ് ഫയല്‍ കൊണ്ടു പോകുന്നതെങ്കിലും അറിയാന്‍ കഴിയും. പിന്നെ നഗരത്തിലെ പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങള്‍ക്കൊക്കെ നോട്ടീസ് കൊടുത്തു. അപ്പോഴാണ് മറ്റൊരു പുകില്. എറണാകുളം രാജവീഥിയുടെ നടപ്പാതപോലും പലരും സ്വന്തമാക്കിയിരിക്കുന്നു. തെരുവ് കച്ചവടക്കാരല്ല. വന്‍കിടക്കാര്‍. കെട്ടിടം നിര്‍മിക്കുമ്പോള്‍ കൃത്യമായി പാര്‍ക്കിങ്് സ്ഥലം പ്ളാനില്‍ കാണിച്ചിരിക്കും. പണി പൂര്‍ത്തിയാകുമ്പോള്‍ പക്ഷേ, പാര്‍ക്കിങ് സ്ഥലം കടമുറികളായി മാറും. പിന്നെ വരുന്നവരുടെ വണ്ടികള്‍ എവിടെ പാര്‍ക്കുചെയ്യും. അതിനല്ളേ റോഡരുകിലെല്ലാം നടപ്പാതയുള്ളത്. അതിലേക്ക് കയറ്റി പാര്‍ക്കുചെയ്യണം.

ഏതായാലും മേയര്‍ ഇന്‍ ചാര്‍ജ്് കലക്ടര്‍ അതിലും കയറിപ്പിടിച്ചു. കടമുറികളായി മാറിയ പാര്‍ക്കിങ്് സ്ഥലമെല്ലാം പൊളിച്ചുമാറ്റി വീണ്ടും പാര്‍ക്കിങ് സ്ഥലം രൂപപ്പെടുത്താന്‍ നോട്ടീസ് കൊടുത്തു. വന്‍കിടക്കാരെ തൊട്ടാല്‍ രാഷ്ട്രീയക്കാര്‍ക്ക് മിണ്ടാതിരിക്കാനാകുമോ? പക്ഷേ, കലക്ടര്‍ക്കെതിരെ ഈ കാര്യത്തിന് നടപടിയും പറ്റില്ല. അപ്പോഴാണ്, കോര്‍പറേഷനിലെ മേയര്‍മാരുടെ പേരെഴുതിയ ബോര്‍ഡ് ശ്രദ്ധയില്‍പെട്ടത്. അതില്‍ ഏറ്റവുമടിയില്‍, ഒരുമാസം ചുമതല വഹിച്ച കലക്ടറുടെ പേരും കാണുന്നു. ഐശ്വര്യമായി ആ പേര് അങ്ങ് വെട്ടി.

നീല നിറം നന്നായി പിടിച്ചതു കൊണ്ടാണെന്ന് തോന്നുന്നു; രണ്ട് സീറ്റിന്‍െറ ഭൂരിപക്ഷത്തിന് ജനം കഴിഞ്ഞ ഭരണക്കാരെ തന്നെ വീണ്ടും അധികാരത്തിലേറ്റി. കഴിഞ്ഞ ഭരണത്തില്‍ പൊതുമരാമത്ത് സ്റ്റാന്‍റിങ്് കമ്മിറ്റി അധ്യക്ഷയായിരുന്നയാള്‍ നഗര പിതാവ് (സോറി.. മാതാവ്) ആയി തെരഞ്ഞെടുക്കപ്പെട്ടു. അപ്പോഴാണ് അടുത്ത പുകില്. മേയറുടെ വണ്ടിക്ക് എന്തിനാണ് മുകളില്‍ കറങ്ങുന്ന ബീക്കണ്‍ ലൈറ്റ് എന്നായി കലക്ടര്‍. പേരുവെട്ടിയതിന്‍െറ ചുരുക്ക് ഉള്ളിലുള്ളത് കൊണ്ടാണ് ഇങ്ങനെ തോന്നതെന്നത് കോര്‍പറേഷനും. കലക്ടര്‍ ആകട്ടെ ചട്ടവും വകുപ്പും ഉദ്ധരിച്ച് ബീക്കണ്‍ ലൈറ്റ് മാറ്റണമെന്നും അതിനിടയിലാണ് രണ്ടു ദിവസത്തേക്ക് പ്രധാനമന്ത്രി കൊച്ചിയിലത്തെിയത്. കലക്ടറും മേയറുമെല്ലാം തിരക്കിലായിപ്പോയി. അതുകൊണ്ട് മൂപ്പിളമ യുദ്ധം തല്‍ക്കാലം നിര്‍ത്തിവെച്ചു. ചാനലുകളുടെ ഭാഷയില്‍ പറഞ്ഞാല്‍, രണ്ടു ദിവസത്തേക്ക് ഒരു കമേഴ്സ്യല്‍ ബ്രേക്ക്. അത് കഴിഞ്ഞാല്‍ യുദ്ധം തുടരും. ആരാണ് ജയിക്കുന്നതെന്നറിയാന്‍ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.