എസ്​.ഐ നിയമന അട്ടിമറി നീക്കം പൊളിഞ്ഞു

ന്യൂഡൽഹി: 170 സംവരണ തസ്തികകൾ അടക്കം റദ്ദാക്കി എസ്.ഐ നിയമന ലിസ്റ്റ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ അവസാന നീക്കവും പൊളിഞ്ഞു. സംവരണ വിഭാഗങ്ങൾക്കുള്ളതടക്കം പി.എസ്.സി തയാറാക്കിയ പട്ടികയിലെ നിയമനം റദ്ദാക്കുന്നതിന് സംസ്ഥാന സർക്കാർ സമർപ്പിച്ച പ്രത്യേകാനുമതി ഹരജി ജസ്റ്റിസുമാരായ എ.കെ. സിക്രി, ആർ. ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ചാണ് തള്ളിയത്. സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രത്യേക താൽപര്യത്തിൽ സമർപ്പിച്ച പ്രത്യേകാനുമതി ഹരജി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി കാലതാമസവും ഹരജി തള്ളാനുള്ള കാരണമാണെന്ന് ഉത്തരവിൽ പറഞ്ഞു.

നവംബർ 11ന് പി.എസ്.സി അഡ്വൈസ് മെമ്മോ അയച്ച് 339 പേർ നിയമനം കാത്തിരിക്കെ ലിസ്റ്റ് റദ്ദാക്കാൻ സംസ്ഥാന പൊലീസ് മേധാവി പി.എസ്.സിക്ക് കത്ത് നൽകിയതാണ് നിയമയുദ്ധത്തിലെത്തിച്ചത്. ഒഴിവുകളിലേക്ക് കൂടുതൽ എ.എസ്.ഐമാർക്ക് സ്ഥാനക്കയറ്റം നൽകി പുതിയ നിയമനങ്ങൾ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അപ്പീലുകൾ മൂന്നു മാസത്തിനകം സമർപ്പിക്കണം എന്നാണ് നിയമമെങ്കിലും 2014 ഒക്ടോബർ 26െൻറ ഹൈകോടതി വിധിക്കെതിരെ ഒന്നര വർഷത്തിനുശേഷമാണ് സർക്കാർ അപ്പീലിന് വന്നത്. 339 പേർക്കാണ് പി.എസ്.സി ഈ മാസം ആദ്യവാരം നിയമന ശിപാർശ നൽകിയത്.  ഇതിൽ 74 ഒഴിവുകളേ ഇപ്പോൾ നിലവിലുള്ളൂ എന്നാണ്  സർക്കാർ  വാദം.

വിമാനത്താവളങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമന ശിപാർശ നൽകിയത് എന്നും ഈ ഒഴിവുകൾ ഇപ്പോഴില്ലെന്നുമാണ് സർക്കാർ വിശദീകരിക്കുന്നത്. എന്നാൽ,  ഈ വാദം ഹൈകോടതി നേരത്തേ തള്ളിയിരുന്നു. 137 ഒഴിവ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത്  2014 ഒക്ടോബർ അഞ്ചിന് സർക്കാർ നൽകിയ നിർദേശത്തിെൻറ ലംഘനംകൂടിയായി ഇത്. 2008 മുതൽ 2013 വരെയുള്ള 346 ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന്  ഹൈകോടതി ഇടപെട്ടാണ് 137 ഒഴിവിൽ നിയമനം നടത്താൻ നിർദേശം നൽകിയത്. 118 ഒഴിവുകൾകൂടി റിപ്പോർട്ട് ചെയ്യാൻ 2015 ആഗസ്റ്റ് 22ന് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സർക്കാറിനോട് നിർദേശിക്കുകയായിരുന്നു. 137 ഒഴിവുകൾക്കെതിരെ സർക്കാർ നൽകിയ റിവ്യൂ പെറ്റീഷൻ ഹൈകോടതി തള്ളിയിരുന്നു. ഈ ഒഴിവുകൾ സർക്കാർ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

ഈ ഒഴിവുകളിൽ അപ്പീലിന് പോകുന്നില്ലെന്ന് മുൻ ഡി.ജി.പി എസ്.പി. ബാലസുബ്രഹ്മണ്യം പി.എസ്.സിക്ക് കത്തും നൽകിയിരുന്നു. അതിനെല്ലാം വിരുദ്ധമായി നടത്തിയ നീക്കമാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.