സി.പി.എം ആത്മവിമര്‍ശം നടത്തേണ്ടതുണ്ട് –എം.എ. ബേബി

കൊച്ചി: സി.പി.എമ്മിനും ചിലകാര്യങ്ങളില്‍ ആത്മവിമര്‍ശനവും തിരുത്തലുകളും നടത്തേണ്ടതുണ്ടെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി. കൊച്ചിയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ മനുഷ്യസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ അവിഭാജ്യഭാഗമായി ഇടതുപക്ഷം പരിണമിക്കുമ്പോള്‍ ചിലകാര്യങ്ങളില്‍ ആത്മവിമര്‍ശം നടത്തേണ്ടതുണെന്നും തിരുത്തലുകള്‍ നടത്തേണ്ടതുണെന്നും വ്യക്തമാക്കുകയാണെന്ന് എം.എ.ബേബി സംഗമത്തില്‍ പറഞ്ഞു.
സംസാരം ആരംഭിക്കുന്നതിനിടെ ടി.പി. ചന്ദ്രശേഖരന്‍െറ ചിത്രം പതിച്ച ബാനറുകളുമേന്തി പ്രതിഷേധവുമായി റെവല്യൂഷണറി യൂത്ത് പ്രവര്‍ത്തകര്‍ ഹാള്‍ വിട്ടിറങ്ങിയ ശേഷമായിരുന്നു എം.എ.ബേബിയുടെ വാക്കുകള്‍. ഇടതുപക്ഷത്തിന് പ്രയോഗികമായി എവിടെയാണ് തെറ്റ് പറ്റിയതെന്ന് തിരിച്ചറിയേണ്ടതുണ്ട്. സാര്‍വദേശിയ തലത്തില്‍ കംമ്പോഡിയയിലെ പോള്‍പോട്ടിന്‍െറ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍െറ ചെയ്തികള്‍ ലോകത്താകെ കമ്മ്യൂണിസറ്റ് പ്രസ്ഥാനങ്ങള്‍ക്ക് എതിരായി അണിനിരന്നവര്‍ക്ക് സഹായകരമാവുകയാണുണ്ടായതെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.
വിയോജിപ്പുകള്‍ വ്യക്തികള്‍ തമ്മിലും സംഘടനകള്‍ തമ്മിലും ഉണ്ടാകാറുണ്ട്. എന്നാല്‍ വിയോജിപ്പുള്ളവരെയെല്ലാം ഉപേക്ഷിക്കുക എന്നത് അപകടമാണെന്നും സ്വയം തിരുത്താന്‍ സമൂഹത്തിലും സംഘടനകളും വ്യക്തികളും ആന്തരികസമരം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരുത്തരവാദിത്തപരമായി ഉപയോഗിക്കാവുന്ന പദമല്ല ഫാഷിസമെന്നും ഇന്ത്യയില്‍ ഫാഷിസം വന്നു കഴിഞ്ഞോയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചോര്‍ന്ന് പോയികൊണ്ടിരിക്കുന്ന സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമാണ് ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്നതെന്നും വര്‍ഗീയ വിഭജനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അവര്‍ വഴിവെച്ചേക്കാമെന്നും എം.എ.ബേബി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.