കാലിക്കറ്റ് സെനറ്റിലെ വിവാദ പ്രമേയം: ഗവര്‍ണര്‍ക്ക് അധ്യാപകരും കത്തയച്ചു

കോഴിക്കോട്: പെണ്‍സുരക്ഷ സംബന്ധിച്ച് പരാതിപ്പെട്ട വിദ്യാര്‍ഥിനികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് പ്രമേയം പാസാക്കിയതിനെതിരെ പ്രതിഷേധം വ്യാപകം. റാഗിങ്ങിന് വിധേയരായ പെണ്‍കുട്ടികളെ അപമാനിക്കുകയും സ്വാഭാവികനീതി നിഷേധിക്കുകയും ചെയ്ത നടപടിയാണിതെന്ന് ആരോപിച്ച് സര്‍വകലാശാലയിലെ ഇടത് അനുകൂല അധ്യാപകര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു.

ചട്ടവിരുദ്ധ നടപടിയെടുത്ത വി.സി, രജിസ്ട്രാര്‍ എന്നിവരെ നീക്കണമെന്നും സെനറ്റ് പിരിച്ചുവിടണമെന്നും ഇടത് അധ്യാപക സംഘടന ആക്ട് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലാ നടപടിക്കെതിരെ വിദ്യാര്‍ഥിനികള്‍ ഗവര്‍ണര്‍ക്ക് പരാതി അയച്ചതിന് പിന്നാലെയാണ് അധ്യാപകരും രംഗത്തത്തെിയത്.
സര്‍വകലാശാലാ ചട്ടം ചാപ്റ്റര്‍ അഞ്ച് സെക്ഷന്‍ ഏഴിന് വിരുദ്ധമാണ് പ്രമേയാനുമതിയിലൂടെ ഉണ്ടായതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളോ, കോടതിയുടെ പരിഗണനയിലുള്ളതോ ആയ വിഷയങ്ങള്‍ പ്രമേയമാക്കരുതെന്നാണ് ചട്ടം. റാഗിങ്ങിന് വിധേയരായവരുടെ പേരുകളും വെളിപ്പെടുത്താന്‍ പാടില്ല. ഇങ്ങനെയുള്ള നിയമമെല്ലാം അവഗണിച്ചാണ് പ്രമേയം പാസാക്കിയത്. പെണ്‍കുട്ടികള്‍ക്ക് സുരക്ഷയില്ളെന്ന് ചൂണ്ടിക്കാട്ടിയ കത്ത് ഗവര്‍ണര്‍, യു.ജി.സി, ചീഫ് ജസ്റ്റിസ്, വിദ്യാഭ്യാസമന്ത്രി, മനുഷ്യാവകാശ കമീഷന്‍ എന്നിവരുടെ പരിഗണനയിലാണ്. പരാതിയില്‍ കഴമ്പുണ്ടെന്നും നടപടിയെടുക്കുന്നതായും വിശദീകരിച്ച് വി.സി തന്നെ രേഖാമൂലം ഇവരെയെല്ലാം അറിയിച്ചു.

പരാതിയില്‍ വിശദാന്വേഷണം നടക്കുന്ന വേളയിലാണ് പരാതിക്കാര്‍ക്കെതിരെ നടപടി വേണമെന്ന വിചിത്രമായ പ്രമേയം അംഗീകരിച്ചത്. വിദ്യാര്‍ഥിനികള്‍ക്ക് സ്വാഭാവികനീതി നിഷേധിക്കപ്പെട്ടതിനാല്‍ വിഷയത്തില്‍ ഇടപെടണമെന്നും ആക്ട് സെക്രട്ടറി ഡോ. പി. ശിവദാസന്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ നടപടി സ്ത്രീവിരുദ്ധമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. ശനിയാഴ്ച ചേര്‍ന്ന സെനറ്റ് യോഗത്തില്‍ എം.എസ്.എഫ് അംഗം അവതരിപ്പിച്ച പ്രമേയം കെ.എസ്.യു ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പോടെയാണ് പാസാക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.