ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്‍ററിനെതിരായ ഹരജി ഹൈകോടതി തള്ളി

കൊച്ചി: ബോള്‍ഗാട്ടിയില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴിലെ സ്ഥലത്ത് നിര്‍മിക്കുന്ന ലുലു കണ്‍വെന്‍ഷന്‍ സെന്‍ററിനെതിരെ സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ഉടമസ്ഥതയില്ലാത്ത സ്ഥലമാണ് ലുലുവിന് പാട്ടത്തിന് നല്‍കിയതെന്നും ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേടുണ്ടെന്നും ആരോപിച്ച് പരിസ്ഥിതി സംഘടന ഭാരവാഹിയായ എന്‍. രാമചന്ദ്രന്‍,  കെ.എം.  പ്രസാദ് എന്നിവര്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക്, ജസ്റ്റിസ് പി.വി. ആശ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

പോര്‍ട്ട് പാട്ടത്തിന് നല്‍കിയ സ്ഥലത്ത് ലുലു ഗ്രൂപ് നടത്തുന്ന നിര്‍മാണം നിയമപ്രകാരമാണെന്നും പാരിസ്ഥിതിക അനുമതിയടക്കമുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചാണ് നിര്‍മാണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. നിര്‍മാണം നടക്കുന്ന ഭൂമി സര്‍ക്കാറിന്‍േറതാണന്നായിരുന്നു ഹരജിയിലെ വാദം. ലുലു കണ്‍വെന്‍ഷന്‍ സെന്‍റര്‍ മാനേജിങ് ഡയറക്ടറായ എം.എ. യൂസുഫലി മാത്രമാണ് ലേലത്തില്‍ പങ്കെടുത്തതെന്നും നിയമവിരുദ്ധ നിര്‍മാണം തടയണമെന്നുമായിരുന്നു ആവശ്യം.  

2010 സെപ്റ്റംബര്‍ ആറിന്  ബോര്‍ഡ് ടെന്‍ഡര്‍ പരിശോധിച്ച് ഉറപ്പിക്കുകയും പത്ത് ഹെക്ടര്‍ സ്ഥലം 30 വര്‍ഷത്തേക്ക് പാട്ടത്തിന് കൈമാറുകയും ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി. 2013 ഏപ്രില്‍ ആറിന് പഞ്ചായത്ത് വകുപ്പിന്‍െറ അനുമതി ലഭിച്ചു. കെട്ടിടനിര്‍മാണ അനുമതി നിയമപരമായി ലഭിച്ചിട്ടുണ്ട്. അതിനാല്‍ സര്‍ക്കാര്‍ നല്‍കിയ കെട്ടിടനിര്‍മാണ അനുമതി നിലനില്‍ക്കുന്നതാണ്. 400 കോടിയലധികം വരുന്ന നിര്‍മാണമാണ് ഇവിടെ നടക്കുന്നത്. കെട്ടിട നിര്‍മാണച്ചട്ടം ലംഘിച്ചെന്ന പരാതി ഇല്ലാതിരിക്കെ ഈ സാഹചര്യത്തില്‍ ഹരജിയില്‍ ഇടപെടാനാകില്ളെന്ന് കോടതി വ്യക്തമാക്കി.

എം.എ. യൂസുഫിലെയാക്കള്‍ കൂടുതല്‍ പണം നല്‍കാന്‍ തയാറായി ലേലത്തില്‍ ആരും പങ്കെടുത്തില്ല. പാട്ടക്കരാര്‍ യൂസുഫലിയുടെ പേരിലാണ് നല്‍കിയത്. ലുലു കണ്‍വെന്‍ഷന്‍ സെന്‍ററിന് ഇത് കൈമാറിയിട്ടില്ളെന്നതുകൊണ്ടുമാത്രം നിര്‍മാണം തടയാനാകില്ല. പാട്ടഭൂമിയില്‍ നിര്‍മാണം നടത്തുന്നതിന് ലുലുവിന് പൂര്‍ണ സ്വാതന്ത്ര്യവും അധികാരവും ഉണ്ടെന്ന് നിരീക്ഷിച്ച കോടതി, പരാതിക്കാരുടെ വാദങ്ങളില്‍ കഴമ്പില്ളെന്ന് വ്യക്തമാക്കി ഹരജി തള്ളുകയായിരുന്നു.  ലുലു ഗ്രൂപ്പിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ. രാംകുമാര്‍, അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്‍, അഡ്വ. സി.എസ്. അബ്ദുസ്സമദ്, അഡ്വ. ടി.യു. സിയാദ് എന്നിവര്‍ ഹാജരായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.