കെ.പി.സി.സി പ്രസിഡന്‍റിന് ചായക്കട കമ്മദിന്‍റെ കത്ത് !

കൊച്ചി: ചായക്കടക്കാരൻ കമ്മദ് കെ.പി.സി.സി പ്രസിഡന്‍റിന് അയച്ചതായി പറയുന്ന കത്ത് സാമൂഹിക മാധ്യമങ്ങളിൽ പരിഹാസത്തിന്‍റെ കൂരമ്പുകളായി മാറുന്നു. ഡി.സി.സി പുന:സംഘടനയെ കളിയാക്കി കോണ്‍ഗ്രസിനെ നാണം കെടുത്തുന്നതാണ് കത്ത്. ഡി.സി.സി ഓഫിസിന്‍റെ പടിക്കൽ ചായക്കട നടത്തുന്ന താനും സെക്രട്ടറിമാരുടെ പട്ടികയിൽ ഉണ്ടെന്നും അതൊന്ന് ഒഴിവാക്കി തരണമെന്നുമാണ് കെ.പി.സി.സി പ്രസിഡന്‍റിനോട് കമ്മദിന്‍റെ അഭ്യർഥന. ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും പ്രവഹിക്കുന്ന കത്ത് കോണ്‍ഗ്രസുകാർ ഗ്രൂപ്പ് ഭേദമില്ലാതെ ഷെയർ ചെയ്യുകയാണ്.

കമ്മദിന്‍റെ കത്ത്:

ബഹുമാനപ്പെട്ട കെ.പി.സ.സി പ്രസിഡന്‍റിന് ചായക്കട കമ്മദ് എഴുതുന്നത്...

ഇന്നത്തെ മനോരമേ ന്നാണ് ഡി.സി.സി സെക്രട്ടറി ലിസ്റ്റില്‍ മ്മടെ പേരും ഉണ്ട് എന്ന് ഞമ്മളറിയണത്. ദയവായി ഇങ്ങള് മ്മളെ അതീന്ന് ഒന്ന് ഒയിവാക്കി തരണം. പടച്ചോനാണേ മ്മള് ഇത് അറിഞ്ഞോണ്ട് ചെയ്തതല്ല. മ്മള് ഡി.സി.സി അപ്പീസിന്‍റെ പടിക്കല് ചായക്കട നടത്തണ ഒരു പാവാണ്; കൈലിക്ക് മേലെ കയ്യ് ള്ള ബനിയന്‍ അല്ലാതെ ഖദറിന്‍റെ ഒരു തൂവാല പോലും മ്മള് ഇത് വരെ തൊട്ടിട്ടില്ല. കയിഞ്ഞ രണ്ട് മാസത്തെ നേതാക്കന്‍മാരുടെ പറ്റ് പൈസ ഒരു പേപ്പറിലാക്കി ഇങ്ങടെ ആപ്പീസിന്‍റെ പ്രസിഡണ്ടിന് മ്മള് കൊടുത്താര്‍ന്ന്. പറ്റ് ലിസ്റ്റിന്‍റെ അടില് കമ്മദ്ക്ക ഒപ്പ് എന്നൊരു ഭംഗിക്ക് വെച്ചാര്‍ന്ന്. ആ പഹയന്‍ ആ ലിസ്റ്റും അയച്ചേക്കണ് ഡി.സി.സി പുന:സംഘടനക്ക്. അങ്ങനെ മ്മടെ പേരും വന്നും തൊണ്ണൂറ്റാമതായി... ഇക്ക് സെക്രട്ടറി ഒന്നും ആവണ്ട ന്‍റെ പറ്റ് കാശ്  ഒന്ന് ങ്ങള് വാങ്ങി തന്നാ മതി. എങ്ങനേലും ന്നെ ഇതീന്നൊന്ന് ഊരി തരണം. മ്മള് ജീവിച്ച് പൊക്കോട്ടെ... പിന്നെ അതില്‍ ഏഴാമതുള്ള രാധാമണി (4 ചായ 2 കടി 36 രൂപ)യുടെ പേരും സെക്രട്ടറി ലിസ്റ്റില്‍ വന്നിട്ടുണ്ട്. അത് അവിടെ കാലത്ത് അടിച്ചോരാന്‍ വരണോളാണ്. ഓളെ കൂടെ ഒഴിവാക്കണം.

എന്ന്, ചായക്കട കമ്മദ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.