പുന:പരിശോധനാ ഹരജി നല്‍കാന്‍ ബാറുടമകള്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ തോറ്റിട്ടും നോട്ടുകെട്ടുകള്‍ വാരിയെറിഞ്ഞ് നടത്തിയ നിയമയുദ്ധം ബാറുടമകള്‍ അവസാനിപ്പിച്ചിട്ടില്ല. നിരാശക്കിടയിലും പുന:പരിശോധനാ ഹരജി നല്‍കാനുള്ള ഒരുക്കത്തിലാണ് അവര്‍. വിധി പറഞ്ഞ കേസുകളില്‍ പുന$പരിശോധനാ ഹരജിയും തുടര്‍ന്ന് വേണമെങ്കില്‍ തിരുത്തല്‍ ഹരജിയും നല്‍കാന്‍ അവസരമുണ്ട്. വിധി പറഞ്ഞവരില്‍ ജസ്റ്റിസ് വിക്രംജിത് സെന്‍ ബുധനാഴ്ച വിരമിക്കുമെന്നിരിക്കേ, ജസ്റ്റിസ് ശിവകീര്‍ത്തി സിങ്ങും മറ്റൊരു ജഡ്ജിയും ചേര്‍ന്നാണ് പുന$പരിശോധനാ ഹരജി പരിഗണിക്കുക. പക്ഷേ, പുന:പരിശോധനാ ഹരജി അംഗീകരിക്കപ്പെടാറില്ല. 

സംസ്ഥാനത്തിന്‍െറ മദ്യനയം ഹൈകോടതി സിംഗ്ള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും നേരത്തേ ശരിവെച്ചതാണ്. അതേ നിലപാട് ആവര്‍ത്തിക്കുന്നതാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ വിധി. ഘട്ടംഘട്ടമായി മദ്യ ഉപയോഗം കുറച്ച് മദ്യനിരോധത്തിലേക്ക് നീങ്ങുന്നതിനാണ് ലൈസന്‍സ് പരിമിതപ്പെടുത്തിയത് എന്നായിരുന്നു സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ പ്രധാന വാദം. ടൂറിസം വികസനം കണക്കിലെടുത്താണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിലനിര്‍ത്തിയതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. 

എന്നാല്‍, ബിവറേജസ് വില്‍പനശാലകള്‍ വഴി യഥേഷ്ടം മദ്യം വില്‍ക്കുന്നുവെന്നിരിക്കേ, ബാര്‍ ലൈസന്‍സ് നിയന്ത്രിച്ചതുകൊണ്ട് മദ്യലഭ്യത കുറയില്ളെന്ന മറുവാദമാണ് ബാറുടമകള്‍ നിരത്തിയത്. ഇതിനായി അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി അടക്കം മുന്‍നിര അഭിഭാഷകരെയാണ് കളത്തിലിറക്കിയത്. സര്‍ക്കാറിനുവേണ്ടി വാദിച്ചത് കപില്‍ സിബല്‍, വി. ഗിരി എന്നിവരാണ്. കുടിയനായ ഒരാള്‍ മൗലികാവകാശം ചോദിച്ച് നല്‍കിയതടക്കം, പതിനഞ്ചിലധികം ഹരജികളാണ് ബാറുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പരിഗണിച്ചത്.  തങ്ങളുടെ മദ്യനയം അംഗീകരിക്കപ്പെട്ടതിന്‍െറ ആശ്വാസത്തെക്കാള്‍ വലിയ ആശങ്കയാണ് സര്‍ക്കാറില്‍ ബാക്കിനില്‍ക്കുന്നത്. 

സംസ്ഥാനത്ത് 27 പഞ്ചനക്ഷത്ര ബാര്‍; 37 ബാര്‍ ക്ളബ്, ബിയര്‍-വൈന്‍ പാര്‍ലര്‍ 806
കോട്ടയം: പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന സര്‍ക്കാറിന്‍െറ മദ്യനയത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കിയതോടെ സംസ്ഥാനത്ത് ഇനിയുണ്ടാകുക 27 ബാറുകള്‍. അഞ്ചു ജില്ലകളില്‍ ബാര്‍ ഉണ്ടാവില്ല. കണ്ണൂര്‍, തൃശൂര്‍, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകള്‍. ഇടുക്കി, കോഴിക്കോട്, മലപ്പുറം, കാസര്‍കോട്-ബേക്കല്‍, ആലപ്പുഴ ജില്ലകളില്‍ ഒന്നുവീതവും എറണാകുളത്ത് ഒമ്പതും തിരുവനന്തപുരത്ത് ആറും കോട്ടയം കുമരകത്ത് രണ്ടും ബാര്‍ പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് നേരത്തേ 730 ബാറാണുണ്ടായിരുന്നത്. പത്ത് ബാറുകളുടെ കാര്യം കോടതിയുടെ പരിഗണനയിലായിരുന്നു. ഇതുള്‍പ്പെടെ 740 ബാര്‍. 
മദ്യനയം നടപ്പാക്കിയതോടെ നിലവാരമില്ലാത്ത 418 എണ്ണത്തിന് ലൈസന്‍സ് നല്‍കേണ്ടതില്ളെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഇത് 312 ആയി. ഇതിനും പിന്നീട് ലൈസന്‍സ് ഇല്ലാതായി. 27 പഞ്ചനക്ഷത്ര ബാറുകള്‍ക്ക് പുറമെ മദ്യവിതരണാനുമതിയുള്ള 37 ക്ളബുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കും. എറണാകുളം-തിരുവനന്തപുരം ജില്ലകളിലാണ് ഇത്തരം ക്ളബുകളിലേറെയും. മദ്യനയത്തെ തുടര്‍ന്ന് 806 ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിരുന്നു. ഇവയില്‍ പലതും ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്. പഴയ പല ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കൊപ്പം ഹോട്ടലുകളായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.