ബാര്‍കോഴ: അന്വേഷണം നീളും; പുതിയ തന്ത്രങ്ങള്‍ മെനയാന്‍ ബാറുടമകള്‍


തിരുവനന്തപുരം: സര്‍ക്കാറിന്‍െറ മദ്യനയത്തിന് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വഷണം നീളാന്‍ സാധ്യത. മന്ത്രി കെ. ബാബുവിനെതിരെ വിജിലന്‍സ് ക്വിക് വെരിഫിക്കേഷനും മുന്‍മന്ത്രി കെ.എം. മാണിക്കെതിരെ തുടരന്വേഷണവുമാണ് നടക്കുന്നത്. കേസുകളില്‍ ബാറുടമകള്‍ മുന്‍നിലപാട് മാറ്റിയാല്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് കടക്കും. സുപ്രീംകോടതി വിധി വന്നതിന് തൊട്ടുപിന്നാലെ എലഗന്‍സ് ബാറുടമ ബിനോയ് ഇതുസംബന്ധിച്ച സൂചന പരോക്ഷമായി നല്‍കി. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നാണ് ബിനോയ് പറഞ്ഞത്. ഇതോടെ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരാനുള്ള സാധ്യതയാണ് തെളിയുന്നത്. മാണിക്കെതിരായ കേസില്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശും ഡ്രൈവര്‍ അമ്പിളിയും മാത്രമാണ് അദ്ദേഹത്തിനെതിരെ മൊഴി നല്‍കിയത്. എന്നാല്‍, കോടതി വിധി എതിരായ സാഹചര്യത്തില്‍ മറ്റ് ബാറുടമകള്‍ മുന്‍നിപാട് മാറ്റുമെന്നാണ് സൂചന. അധികാരം നഷ്ടമായ മാണിയെ ഒഴിവാക്കി, മന്ത്രിയായി തുടരുന്ന ബാബുവിനെ ലക്ഷ്യമിടാനും നീക്കമുണ്ട്. അങ്ങനെയെങ്കില്‍ ബാബുവിനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കാം. അങ്ങനെ സംഭവിച്ചാല്‍ വിജിലന്‍സിന്  ബാബുവിനെതിരെ എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം തുടരേണ്ടി വരും. അതേസമയം, സര്‍ക്കാറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചതുകൊണ്ട് മാത്രം തങ്ങള്‍ക്ക് ഒന്നും നേടാനില്ളെന്നാണ് ഒരുവിഭാഗം ബാറുടമകളുടെ നിലപാട്. തങ്ങളുടെ നിലനില്‍പ് അവതാളത്തിലാക്കിയ സര്‍ക്കാറിനെതിരെ ആഞ്ഞടിക്കണമെന്നാണ് തെക്കന്‍ ജില്ലകളില്‍ ബാറുടമകളുടെ പക്ഷം. മാറിയ സാഹചര്യം മുതലെടുത്ത് കൂടുതല്‍ ബാറുടമകളെ ഒപ്പംനിര്‍ത്തി സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനാണ് ബിജു രമേശിന്‍െറ നീക്കം. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ അദ്ദേഹത്തിന്‍െറ തിരുവനന്തപുരത്തെ ഹോട്ടലില്‍ രഹസ്യയോഗം ചേരുമെന്നാണ് വിവരം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.