സുപ്രീംകോടതി നിരീക്ഷണങ്ങള്‍ ഹൈകോടതി വിധിയിലേതിന് സമാനം

കൊച്ചി: സര്‍ക്കാറിന്‍െറ മദ്യനയം ശരിവെക്കുന്ന സുപ്രീംകോടതി ഉത്തരവിലെ പ്രധാന കണ്ടത്തെലുകള്‍ ഹൈകോടതി വിധിയുടേതിന് സമാനം. മദ്യവില്‍പന മൗലികാവകാശമല്ളെന്നും മദ്യനയം രൂപവത്കരിക്കാന്‍ സര്‍ക്കാറുകള്‍ക്ക് അധികാരമുണ്ടെന്നുമുള്ള ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മദ്യനയത്തിന് ഹൈകോടതി പച്ചക്കൊടി കാട്ടിയത്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കുമാത്രം ബാര്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നയം അംഗീകരിക്കാന്‍ അടിസ്ഥാനമായി സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതും ഇതേവസ്തുതകള്‍തന്നെ. 

സര്‍ക്കാറിന്‍െറ മദ്യനയം അംഗീകരിച്ചതോടെ സുപ്രീംകോടതിയില്‍ ഇനി പുന$പരിശോധനാ ഹരജിയോ ക്യുറേറ്റിവ് ഹരജിയോ നല്‍കുകയെന്ന മാര്‍ഗമാണ്  ബാര്‍ ഉടമകള്‍ക്ക് മുന്നിലുള്ളത്. മദ്യപിക്കാനും ഇഷ്ടംപോലെ മദ്യം ലഭ്യമാക്കാനുമുള്ള മൗലികാവകാശം പൗരന്മാര്‍ക്ക് ഇല്ളെന്നും ജനക്ഷേമം ലക്ഷ്യമാക്കുന്നതാണ് സര്‍ക്കാറിന്‍െറ നയമെന്നും വ്യക്തമാക്കിയാണ് മാര്‍ച്ച് 31ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍െറ വിധിയുണ്ടായത്. ജനങ്ങളുടെ ആരോഗ്യത്തിന് ലഹരി വസ്തുക്കള്‍ നിയന്ത്രിക്കാമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതേ വിലയിരുത്തല്‍ തന്നെയാണ് സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായത്. 

ബാര്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കാനാണ് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതെന്ന ഹൈകോടതിയുടെ നിരീക്ഷണം സുപ്രീംകോടതിക്ക് സ്വീകാര്യമായില്ല. മദ്യ ഉപഭോഗം കുറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നിരിക്കെ ഇത്തരമൊരു നടപടി ഉചിതമായില്ളെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഉപഭോഗം കൂടിയാല്‍ തീരുമാനം പുന$പരിശോധിക്കണമെന്ന നിര്‍ദേശവും സര്‍ക്കാറിന് നല്‍കി. ബാര്‍ ജീവനക്കാരുടെ പുനരധിവാസ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. നഷ്ടപരിഹാരവും പുനരധിവാസവും തേടി ജീവനക്കാര്‍ക്ക് ഹൈകോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

പുതിയ വിവരങ്ങളോ വസ്തുതകളോ ചൂണ്ടിക്കാട്ടിയും വാദത്തിനിടെ വിട്ടുപോയ കാര്യങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടും പുന$പരിശോധന ഹരജി ബാര്‍ ഉടമകള്‍ക്ക് നല്‍കാം. എന്നാല്‍, ഇത് ജഡ്ജിമാരുടെ ചേംബറിനപ്പുറം കോടതി ഹാളിലേക്ക് എത്തുമെന്ന് പോലും ഉറപ്പില്ല. കേസ് നടത്തിപ്പിലും വിധിയിലും സംബന്ധിച്ച പാളിച്ചകള്‍ ചൂണ്ടിക്കാട്ടി അത് തിരുത്താനുള്ള അവസരം തേടി ക്യുറേറ്റിവ് ഹരജി നല്‍കാമെന്നതാണ് മറ്റൊരു മാര്‍ഗം. സീനിയര്‍ അഭിഭാഷകര്‍ മുഖേന ഇക്കാര്യം സുപ്രീംകോടതിയെ ബോധിപ്പിച്ച് അനുമതി നേടുകയെന്നത് ഭാരിച്ച കടമ്പയാണ്. 2015 മാര്‍ച്ച് 31ന് അവസാനിക്കുന്ന സര്‍ക്കാറിന്‍െറ മദ്യ നയത്തെ ചോദ്യംചെയ്യുന്ന ബാര്‍ ഉടമകളുടെ ഹരജികളില്‍ 2014 ഒക്ടോബര്‍ 30നാണ് ഹൈകോടതി സിംഗ്ള്‍ബെഞ്ച് വിധിയുണ്ടായത്. ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാര്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം ശരിവെച്ചായിരുന്നു വിധി. എന്നാല്‍, ഫോര്‍ സ്റ്റാര്‍ ഹെറിറ്റേജ് ഹോട്ടലുകളെ ഒഴിവാക്കിയ മദ്യനയം റദ്ദാക്കുകയും ചെയ്തു. 

സമ്പൂര്‍ണ മദ്യനിരോധത്തിലേക്കുള്ള ആദ്യപടിയായി സംസ്ഥാന സര്‍ക്കാര്‍ നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയതാണ് നിയമയുദ്ധത്തിന്‍െറ തുടക്കം. ഫൈവ്സ്റ്റാര്‍ ഒഴികെയുള്ള ശേഷിച്ച ബാറുകള്‍ 2014 നവംബര്‍ 12ന് പൂട്ടാനായിരുന്നു തീരുമാനം. സിംഗ്ള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്ന് ത്രീ സ്റ്റാര്‍, ടു സ്റ്റാര്‍ ക്ളാസിഫിക്കേഷനുകളില്‍ ഉള്‍പ്പെടുന്ന 700ലേറെ ബാറുകള്‍ അടച്ചു. ഈ ഉത്തരവിനെതിരെ ബാറുടമകള്‍ നല്‍കിയ അപ്പീലില്‍ സിംഗ്ള്‍ ബെഞ്ച് ഉത്തരവ് ഹൈകോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. സ്റ്റേ നിലനിന്നതിനാല്‍ ബാറുകളിലൂടെ വില്‍പനയും നടന്നു. ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍െറ വിധിയെ തുടര്‍ന്ന് 24 പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി ഉണ്ടായത്. തുടര്‍ന്നാണ് ഹൈകോടതി വിധിക്കെതിരെ ബാര്‍ ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.