സമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്നതിന് പൊലീസുകാര്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പൊലീസ് സേനാംഗങ്ങള്‍ക്ക് ഡി.ജി.പിയുടെ മൂക്കുകയര്‍. ഇതിലൂടെ വ്യക്തിപരമായ ഇടപെടലുകള്‍ നടത്തുന്നവരെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള കര്‍ശനനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ജനങ്ങളുമായി ആശയസംവേദനം നടത്താന്‍ പൊലീസിന് ഒൗദ്യോഗിക പേജുകളുണ്ട്. ചില ഉദ്യോഗസ്ഥര്‍ വ്യക്തിപരമായി തുടങ്ങുന്ന അക്കൗണ്ടുകളും അതിലെ പോസ്റ്റുകളും സര്‍ക്കാര്‍ നയമാണെന്ന് തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് സര്‍ക്കുലറില്‍ പറയുന്നു.
സേനയുടെ ഗുണപരമായ മാറ്റത്തിനാണെന്ന് ആവര്‍ത്തിക്കുമ്പോഴും അദ്ദേഹം ലക്ഷ്യമിടുന്നത് പൊലീസ് തലപ്പത്തെ പ്രമുഖരെയാണെന്ന് വ്യക്തം. അടുത്തിടെ, ഡി.ജി.പി ഡോ. ജേക്കബ് തോമസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ജനങ്ങളില്‍നിന്ന് വന്‍ പിന്തുണ ലഭിച്ച സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്ന് ലഭിക്കുന്ന സൂചന.
 
സര്‍ക്കുലറിലെ പ്രധാന നിര്‍ദേശങ്ങള്‍:
സേനാംഗങ്ങള്‍ തങ്ങളുടെ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഒൗദ്യോഗിക വേഷം ധരിച്ച ഫോട്ടോ ഉപയോഗിക്കരുത്. വ്യക്തിപരമായ അക്കൗണ്ടുകള്‍ തുടങ്ങാന്‍ ഒൗദ്യോഗിക ഇ-മെയില്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിക്കരുത്. യൂനിറ്റ് മേധാവിയുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ യൂനിറ്റിന്‍െറ പേരില്‍ ഒൗദ്യോഗിക ഗ്രൂപ്പുകളോ പ്രൊഫൈലുകളോ പേജുകളോ പ്രസിദ്ധീകരിക്കരുത്. വ്യക്തിപരമായ ഉപയോഗങ്ങള്‍ക്ക് ഒൗദ്യോഗിക കമ്പ്യൂട്ടറുകളോ നെറ്റ് വര്‍ക്കുകളോ ഉപയോഗിക്കാന്‍ പാടില്ല. കേസന്വേഷണത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍, അതില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍, അന്വേഷണ സംബന്ധമായ ഒൗദ്യോഗിക യാത്രകളുടെ വിവരങ്ങള്‍, ഫോട്ടോകള്‍ എന്നിവ സ്വകാര്യ അക്കൗണ്ടുകളില്‍ പ്രസിദ്ധപ്പെടുത്തരുത്.
കോടതി പരിഗണനയിലിരിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള വിമര്‍ശങ്ങളോ ചര്‍ച്ചകളോ കമന്‍റുകളോ പ്രസിദ്ധപ്പെടുത്തരുത്. സ്ത്രീകളെയോ ഉദ്യോഗസ്ഥരെയോ മറ്റു വ്യക്തികളെയോ ഏതെങ്കിലും മത-സമുദായ വിഭാഗങ്ങളെയോ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനോ അത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാനോ കമന്‍റ് ചെയ്യാനോ ലൈക്ക് ചെയ്യാനോ പാടില്ല. രാഷ്ട്രീയ ചായ്വുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനോ അയക്കാനോ ഷെയര്‍ ചെയ്യാനോ കമന്‍റ് ചെയ്യാനോ ലൈക്ക് ചെയ്യാനോ പാടില്ല.
വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് നിയമവിരുദ്ധ കാര്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്നതായി പരാതി ലഭിച്ചാല്‍ കര്‍ശന വകുപ്പുതല അച്ചടക്ക നടപടികളും നിയമ നടപടികളും സ്വീകരിക്കുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.