ന്യൂഡല്‍ഹി: സംഘ്പരിവാര്‍ വിഭാഗങ്ങളുടെ വര്‍ധിച്ച അസഹിഷ്ണുതക്കെതിരെ രാഷ്ട്രപതിഭവനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്. മൗനം വെടിഞ്ഞ് അസഹിഷ്ണുതയുടെ ചെയ്തികള്‍ക്കെതിരെ പ്രതികരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ധാര്‍മികവും ഭരണഘടനാപരവുമായ അധികാരം ഉപയോഗിച്ച് ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള നിവേദകസംഘം ആവശ്യപ്പെട്ടു.
അസഹിഷ്ണുതക്കെതിരെ വിവിധ മേഖലകളില്‍ പ്രതിഷേധം അണപൊട്ടിയ പശ്ചാത്തലത്തിലാണ് പാര്‍ലമെന്‍റ് മന്ദിരത്തിനു മുന്നില്‍നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘം കാല്‍നടയായി രാഷ്ട്രപതിഭവനിലേക്ക് നീങ്ങി പ്രണബ് മുഖര്‍ജിക്ക് നിവേദനം നല്‍കിയത്. രാഷ്ട്രപതിയുമായി കോണ്‍ഗ്രസ് സംഘം അരമണിക്കൂറിലേറെ ചര്‍ച്ച നടത്തി. അസഹിഷ്ണുതയുടെ ചെയ്തികളില്‍ രാഷ്ട്രപതി ആശങ്ക പ്രകടിപ്പിച്ചെങ്കിലും പ്രധാനമന്ത്രി മൗനം തുടരുകയാണെന്ന് ഒരു പേജുള്ള നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
രാജ്യത്ത് സഹിഷ്ണുതയും ബഹുസ്വരതയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ടെങ്കിലും, മോദിസര്‍ക്കാറിനു കീഴില്‍ രാജ്യത്തിന്‍െറ മൂല്യങ്ങള്‍ അപകടത്തിലാണെന്ന് കൂടിക്കാഴ്ചക്കുശേഷം സോണിയ ഗാന്ധി വാര്‍ത്താലേഖകരോട് പറഞ്ഞു. അസഹിഷ്ണുതനിറഞ്ഞ ചെയ്തികളിലൂടെ ഭയപ്പാടും വര്‍ഗീയ സംഘര്‍ഷവും ഉണ്ടാക്കുകയാണ്. സര്‍ക്കാറില്‍ പങ്കാളികളായവരും ഇത്തരം ചെയ്തികളുടെ ഭാഗമാണ്.
രാഷ്ട്രപതി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, വിവിധ രംഗങ്ങളിലുള്ള പ്രമുഖര്‍ എന്നിവര്‍ ആശങ്ക പ്രകടിപ്പിക്കുമ്പോഴും, രാജ്യത്ത് എല്ലാം ഭദ്രമാണെന്ന വിശദീകരണമാണ് ധനമന്ത്രിയെപ്പോലുള്ളവര്‍ നല്‍കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കൊല്ലപ്പെടുന്ന പാവങ്ങളെ നായ്ക്കളോട് ഉപമിക്കുകയാണ് മറ്റൊരു കേന്ദ്രമന്ത്രി ചെയ്തത്. യാഥാര്‍ഥ്യങ്ങള്‍ അറിയാന്‍ ഇവരൊക്കെ പുറത്തിറങ്ങി നടക്കണം.
സ്വന്തം വിശ്വാസം കാത്തുസൂക്ഷിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എല്ലാവര്‍ക്കുമുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്ളക്കാര്‍ഡുകളുമായി രാഷ്ട്രപതി ഭവനിലേക്ക് നീങ്ങിയത്. മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്‍റണി, ഗുലാംനബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വയലാര്‍ രവി, ആനന്ദ് ശര്‍മ, കപില്‍ സിബല്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പി.സി. ചാക്കോ, എം.കെ. രാഘവന്‍, റോജി എം. ജോണ്‍ തുടങ്ങിയവരും എത്തിയിരുന്നു. 125 പേരെ മാത്രമാണ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഡല്‍ഹി പൊലീസ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.