തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ നവംബര്‍ 12ന് നടക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കി. ചെയര്‍മാന്‍, മേയര്‍ തെരഞ്ഞെടുപ്പ് 18നും പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 19നും നടക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍, കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് നവംബര്‍ 18ന് രാവിലെ 11നും വൈസ് ചെയര്‍മാന്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഉച്ചക്ക് രണ്ടിനുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത്, ബ്ളോക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നവംബര്‍ 19നും വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അന്ന് ഉച്ചക്ക് രണ്ടിനും നടക്കും.
തെരഞ്ഞെടുപ്പ് ഓപണ്‍ ബാലറ്റ് ഉപയോഗിച്ചായിരിക്കും. വോട്ട് ചെയ്യുന്ന അംഗം ബാലറ്റ് പേപ്പറിന്‍െറ പിറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാള്‍ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കില്‍ വോട്ടെടുപ്പ് നടത്താതെ അയാള്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. തദ്ദേശസ്ഥാപനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗമാണ് ആദ്യം പ്രതിജ്ഞ ചെയ്യുക.
മേയര്‍, ചെയര്‍മാന്‍, പ്രസിഡന്‍റ് എന്നിവര്‍ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യണം. ഡെപ്യൂട്ടി മേയര്‍ മേയര്‍ക്ക് മുമ്പാകെയും വൈസ് ചെയര്‍മാന്‍ ചെയര്‍മാന്‍ മുമ്പാകെയും വൈസ് പ്രസിഡന്‍റ് പ്രസിഡന്‍റ് മുമ്പാകെയും സത്യപ്രതിജ്ഞ ചെയ്യും. മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്കാണ് ഈ ചുമതല.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ഉടന്‍ വരണാധികാരികള്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമീഷനും സര്‍ക്കാറിനും ബന്ധപ്പെട്ട സ്ഥാപനത്തിലെ സെക്രട്ടറിക്കും നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.