തെരഞ്ഞെടുപ്പ് പരാജയം മുഖ്യമന്ത്രി അംഗീകരിക്കുന്നില്ല; ബാർ കോഴയുടെ തുടരന്വേഷണം അട്ടിമറിക്കപ്പെടും: കോടിയേരി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം അംഗീകരിക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തയാറാകുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയുടെ ഈ നിലപാട് പരിഹാസ്യമാണ്. തെരഞ്ഞെടുപ്പിൽ സർക്കാറിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തുപ്പെടുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ സർക്കാറിന് ധാർമികമായി തുടരാൻ അവകാശമില്ല. 2004ലെ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് എ.കെ ആൻറണി മുഖ്യമന്ത്രിപദം ഒഴിഞ്ഞിരുന്നു. ഈ കീഴ് വഴക്കം ഉമ്മൻചാണ്ടിയും പിന്തുടരണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ എൽ.ഡി.എഫിന് മൂന്നേകാൽ ലക്ഷം വോട്ടുകൾ കൂടുതൽ ലഭിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾ തകർപ്പൻ വിജയം നേടി. മികച്ച മുന്നേറ്റമാണ് സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ എൽ.ഡി.എഫ് നടത്തിയത്. ഘർവാപസി അടക്കമുള്ള വിഷയങ്ങളിൽ മതനിരപേക്ഷ നിലപാട് സ്വീകരിക്കാത്തതാണ് യു.ഡി.എഫിനേറ്റ തിരിച്ചടിക്ക് കാരണം. ബി.ജെ.പിയുടെ വോട്ട് വർധന ജനങ്ങൾ ഗൗരവമായി കാണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ജെ.എസ്.എസിനെയും സി.എം.പിയെയും രണ്ടാക്കിയും കേരളാ കോൺഗ്രസ് എമ്മിനെ മൂന്നാക്കിയും ഉമ്മൻചാണ്ടി പിളർത്തി. ആർ. ബാലകൃഷ്ണപിള്ളയെ മുന്നണിയിൽ നിന്ന് പുറത്താക്കി. എന്നാൽ, ഒരു എം.എൽ.എ മാത്രം ഉള്ളതിനാൽ ആ പാർട്ടിയെ പിളർത്താൻ കഴിഞ്ഞില്ല. ബാർ കോഴ കേസിന്‍റെ തുടരന്വേഷണം അട്ടിമറിക്കപ്പെടും. ഇതാണ് മാണി കളങ്കമില്ലാതെ മടങ്ങിവരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.