ശബരിമല തീര്‍ഥാടനത്തിന് വിപുല ക്രമീകരണങ്ങള്‍ –കേന്ദ്ര മന്ത്രി

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് തെക്കന്‍കേരളത്തിലേക്ക് സ്ഥിരമായി സര്‍വിസ് നടത്തുന്ന ട്രെയിനുകള്‍ക്ക് ഉള്‍പ്പെടെ ചെങ്ങന്നൂര്‍, തിരുവല്ല സ്റ്റേഷനുകളില്‍ സ്റ്റോപ് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി മനോജ് സിന്‍ഹ. വിപുലമായ സൗകര്യങ്ങളാണ് തീര്‍ഥാടകര്‍ക്ക് ഇക്കുറി റെയില്‍വേ ഒരുക്കിയിരിക്കുന്നത്. ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം തുടങ്ങി 19 സ്റ്റേഷനുകളില്‍ ടിക്കറ്റ് വെന്‍ഡിങ് മെഷീന്‍ ഏര്‍പ്പെടുത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റെയില്‍വേ ബജറ്റില്‍ കേരളവിഹിതം 1050 കോടിയാക്കിയിട്ടുണ്ട്. കേരളത്തില്‍ 18 പുതിയ മേല്‍പാലങ്ങളും അടിപ്പാതകളും റെയില്‍വേ നിര്‍മിക്കും. ഇതിന് അനുമതി നല്‍കിക്കഴിഞ്ഞു. കേരളത്തിലെ യാത്രാസൗകര്യത്തില്‍ വര്‍ധനയുണ്ടായി.
എറണാകുളം-എറണാകുളം ഗുഡ്സ് യാഡ്, എറണാകുളം - കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് സര്‍വിസുകള്‍ ഈവര്‍ഷം ആരംഭിക്കും. ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് നാലുമാസത്തിനകം സര്‍വിസ് തുടങ്ങും. നേമത്ത് കോച്ച് മെയ്ന്‍റനന്‍സ് യൂനിറ്റ് വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, കൊച്ചുവേളിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് മുന്‍ഗണന നല്‍കുക. തിരുവനന്തപുരം - കായംകുളം റൂട്ടിലെ തിരക്ക് പരിഹരിക്കുന്നതിന് പാത വികസിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് റെയില്‍വേ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ വിലയിരുത്താനാണ് കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ തിരുവനന്തപുരത്തെ ത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.