തോട്ടം മേഖലയില്‍ വീണ്ടും സമരകാഹളം

മൂന്നാര്‍\വണ്ടിപ്പെരിയാര്‍: തൊഴിലാളികളുടെ ശമ്പളവര്‍ധന അനുവദിക്കാനാകില്ളെന്ന് ഉടമകള്‍ തീരുമാനമെടുത്തതോടെ തോട്ടം മേഖല വീണ്ടും അനിശ്ചിതത്വത്തിലേക്ക്. മുഖ്യമന്ത്രിയും തൊഴില്‍ മന്ത്രിയും ട്രേഡ് യൂനിയനുകളും എല്ലാവരെയും കബളിപ്പിക്കുകയായിരുന്നെന്നും തോട്ടം മേഖല സ്തംഭിച്ചാല്‍ ഇവര്‍ക്കാണ് അതിന്‍െറ ഉത്തരവാദിത്തമെന്നും പെമ്പിളൈ ഒരുമൈ നേതാക്കള്‍ ആരോപിച്ചു.
‘ഞങ്ങള്‍ ഇപ്പോള്‍ അനാഥരായ അവസ്ഥയിലാണ്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സര്‍ക്കാര്‍ കബളിപ്പിക്കുകയായിരുന്നു. വീണ്ടും സമരത്തിനിറങ്ങേണ്ട സാഹചര്യമുണ്ടായാല്‍ പണിമുടക്കിനിറങ്ങില്ല. പുതിയ സമരതന്ത്രങ്ങള്‍ മെനയും- പെമ്പിളൈ ഒരുമൈ പ്രസിഡന്‍റ് ലിസി സണ്ണി പറഞ്ഞു.
മൂന്നാറില്‍ ഇനി സമരം നടത്തില്ളെന്നും സമരം സെക്രട്ടേറിയറ്റിന് മുന്നിലായിരിക്കുമെന്നും ലിസി വ്യക്തമാക്കി.  
ട്രേഡ് യൂനിയന്‍ നേതാക്കളും തോട്ടം ഉടമകളും കാണിക്കുന്നത് ശുദ്ധ മര്യാദകേടാണെന്ന് ഇ.എസ്. ബിജിമോള്‍ എം.എല്‍.എ പറഞ്ഞു. ഇവരുടെ ധിക്കാരപരമായ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല.
തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കാന്‍ കഴിയാത്ത തോട്ടം ഉടമകള്‍ക്കെതിരെ അനുയോജ്യമായ തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. തൊഴിലാളികളെ പട്ടിണിക്കിടാന്‍ മാനേജ്മെന്‍റ് നടത്തുന്ന നീക്കത്തെ ശക്തമായി ചെറുക്കുമെന്നും പി.എല്‍.സി യോഗത്തിനുശേഷം തൊഴിലാളികള്‍ക്ക് നീതി ലഭിക്കുന്ന തീരുമാനമുണ്ടായില്ളെങ്കില്‍ സമരമുഖങ്ങള്‍ തുറക്കുമെന്നും എം.എല്‍.എ പറഞ്ഞു.
അതേസമയം,  തോട്ടം ഉടമകളുടെ നിലപാടിനെതിരെ ട്രേഡ് യൂനിയനുകളും രംഗത്തത്തെി. തൊഴിലാളികളെ വഞ്ചിക്കാനായി സര്‍ക്കാറും മാനേജ്മെന്‍റും ഒത്തുകളിക്കുന്നതായി ഐക്യ ട്രേഡ് യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു. തൊഴിലാളികള്‍ക്ക് അനുകൂലമല്ലാത്ത തീരുമാനമുണ്ടായാല്‍ അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള സമരങ്ങളിലേക്ക് തോട്ടം മേഖല മാറുമെന്നും എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് വാഴൂര്‍ സോമന്‍ പറഞ്ഞു.
തോട്ടം തൊഴിലാളികള്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചുനല്‍കാമെന്ന നിലപാടില്‍നിന്ന് തോട്ടം മാനേജ്മെന്‍റുകളുടെ പിന്മാറ്റം തോട്ടം തൊഴിലാളികളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. ഒരുമാസം മുമ്പ് സമരങ്ങള്‍ ആരംഭിച്ചപ്പോളത്തെ തൊഴില്‍ദിനങ്ങളുടെ നഷ്ടത്തില്‍നിന്ന് തൊഴിലാളികള്‍ മുക്തരായിട്ടില്ല.
തിങ്കളാഴ്ച നടക്കുന്ന പി.എല്‍.സി യോഗത്തില്‍ തൊഴിലാളികള്‍ക്കെതിരായ തീരുമാനമാണ് വരുന്നതെങ്കില്‍ തോട്ടം മേഖല വീണ്ടും സ്തംഭിക്കുന്ന അവസ്ഥയിലേക്കത്തെുമെന്ന കാര്യം തീര്‍ച്ച.

സര്‍ക്കാറും തോട്ടം ഉടമകളും ഒത്തുകളിക്കുന്നു –വി.എസ്
തിരുവനന്തപുരം: തോട്ടംതൊഴിലാളികള്‍ക്ക് വര്‍ധിപ്പിച്ച കൂലിയും ബോണസും നല്‍കാനാവില്ളെന്ന തോട്ടം ഉടമകളുടെ നിലപാട് സര്‍ക്കാറും തോട്ടംമുതലാളിമാരും തമ്മിലുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഇതിനെതിരെ ശക്തമായ സമരങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പ്രസ്താവിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൊഴിലാളികളെയും ജനങ്ങളെയും കബളിപ്പിച്ച് വോട്ട് തട്ടാനുള്ള ഉമ്മന്‍ ചാണ്ടിയുടെയും യു.ഡി.എഫിന്‍െറയും കുതന്ത്രമായിരുന്നു തൊഴിലാളിസമരത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പെന്ന് ഇപ്പോള്‍ വ്യക്തമായി. ഒത്തുതീര്‍പ്പുചര്‍ച്ചക്ക് മുമ്പുതന്നെ തൊഴില്‍മന്ത്രിയടക്കമുള്ളവര്‍ തോട്ടം ഉടമകള്‍ക്കുവേണ്ടി വാദിച്ചതും കണ്ടതാണ്. സര്‍ക്കാറിന്‍െറ ഭൂമി തോട്ടം ഉടമകള്‍ കൈവശംവെച്ച് തൊഴിലാളികളെ ചൂഷണംചെയ്ത് കൊള്ളലാഭം ഉണ്ടാക്കുകയാണ്. തോട്ടംതൊഴിലാളികളുടെ കൂലിയും അവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിയും സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് അന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. എന്നാല്‍, സര്‍ക്കാര്‍ തയാറായില്ല. തോട്ടംമേഖലയിലെ നൂറുശതമാനം എഫ്.ഡി.ഐയുടെ മറവില്‍ പ്രതിസന്ധിയിലാണെന്നുവരുത്തി പൂട്ടുകയും അവ വിദേശശക്തികള്‍ക്ക് കൈമാറുകയും ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍നിന്ന് മാറാന്‍ അനുവദിക്കില്ല -സി.ഐ.ടി.യു
തിരുവനന്തപുരം:  തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധനയുമായി ബന്ധപ്പെട്ട്  പി.എല്‍.സിയിലുണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍നിന്ന് അണുവിട വ്യതിചലിക്കാന്‍ അനുവദിക്കില്ളെന്ന് സി.ഐ.ടി.യു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  
മന്ത്രിയുടെ സാന്നിധ്യത്തില്‍ കൂടിയ പി.എല്‍.സി തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. തോട്ടമുടമകള്‍ സ്വീകരിക്കുന്ന നിലപാട് കേരളത്തിലെ തൊഴില്‍-തൊഴിലുടമാ ബന്ധങ്ങളില്‍ വലിയ പൊട്ടിത്തെറി ഉണ്ടാക്കും.
തോട്ടം മേഖലയില്‍ മാത്രമല്ല, മറ്റ് മേഖലകളിലെ ഐ.ആര്‍.സി എടുക്കുന്ന തീരുമാനങ്ങളില്‍ പിറകോട്ട് പോകാന്‍ തൊഴിലുടമകളെ പ്രേരിപ്പിക്കുന്നതാണ് ഈ നിലപാട്. തോട്ടമുടമകളുടെ പിന്മാറ്റം   സര്‍ക്കാറും തോട്ടമുടമകളും തമ്മിലുള്ള ഒത്തുകളിയാണോ എന്ന് സംശയം ജനിപ്പിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ ആരോപിച്ചു.


കരാര്‍ ലംഘനം നടത്തിയാല്‍  സമരം –എ.ഐ.ടി.യു.സി  
തിരുവനന്തപുരം:  പി.എല്‍.സിയിലെ  ഒത്തുതീര്‍പ്പ് വ്യവസ്ഥ അംഗീകരിക്കില്ളെന്ന തോട്ടമുടമകളുടെ നിലപാട്  ധിക്കാരപരമാണെന്ന് എ.ഐ.ടി.യു.സി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. കരാറില്‍നിന്ന് മാനേജ്മെന്‍റ ്ഏകപക്ഷീയമായി പിന്മാറുന്നത് നിലവിലുള്ള എല്ലാ നിയമവ്യവസ്ഥയെയും വെല്ലുവിളിക്കലാണ്.  മൂന്നുലക്ഷത്തിലധികം തൊഴിലാളികള്‍ പണിയെടുക്കുന്ന തോട്ടം മേഖല നിലനിര്‍ത്താനും തൊഴിലാളികളുടെ തൊഴിലും കൂലിയും മറ്റ് ആനുകൂല്യങ്ങളും സംരക്ഷിക്കാനും തോട്ടമുടമകള്‍ തയാറാകുന്നില്ളെങ്കില്‍   സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.  അല്ലാത്ത പക്ഷം  സമരവുമായി തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.