കായംകുളം: പൊലീസില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. കായംകുളം ഡിവൈ.എസ്.പിക്ക് സ്ഥാനചലനം ഉണ്ടായത് ഇതിന്‍െറ ഭാഗമായാണ്. കേസിലെ മുഖ്യപ്രതിയായ ശരണ്യ കോടതിയില്‍ നല്‍കിയ രഹസ്യമൊഴി വിവാദമായിരുന്നു.
മൊഴിയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും ചില പൊലീസുകാരെയും ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങളും ആഭ്യന്തരമന്ത്രിയുടെ ക്യാമ്പ് ഓഫിസില്‍പെട്ട ചിലരുടെ ബന്ധങ്ങളുമെല്ലാം പുറത്തുവന്നിരുന്നു. ഇത് ആഭ്യന്തരമന്ത്രിയെയും വകുപ്പിനെയും വെട്ടിലാക്കി. ഗത്യന്തരമില്ലാതെയാണ് ഡിവൈ.എസ്.പിയെ മാറ്റിയിരിക്കുന്നത്.
പൊലീസില്‍ ജോലി വാഗ്ദാനം ചെയ്ത് ശരണ്യ കോടികള്‍ തട്ടിയെന്നാണ് ആരോപണം. തുടക്കത്തില്‍ തന്നെ വിഷയത്തെ ലാഘവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്തത്. പ്രതിയെ വരുതിയിലാക്കാനുള്ള പൊലീസിന്‍െറ ശ്രമങ്ങള്‍ പിന്നീട് കുടത്തില്‍നിന്ന് ഭൂതത്തെ തുറന്നുവിട്ടതുപോലെയായി.
പൊലീസുകാരെയും മന്ത്രിയുടെ ഓഫിസിനെയും സംശയത്തിന്‍െറ മുനയില്‍ നിര്‍ത്തിയ പ്രതി സ്ത്രീയായതിനാല്‍ കൂടുതല്‍ വാര്‍ത്താപ്രാധാന്യം വരുകയും ചെയ്തു. തന്നെ പൊലീസ് പലതരത്തില്‍ പീഡിപ്പിച്ചുവെന്ന ആരോപണവും അവര്‍ ഉന്നയിച്ചു. വിഷയം ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചയാണ്.
തുടക്കത്തില്‍ അന്വേഷണം ഊര്‍ജിതമായിരുന്നു. എന്നാല്‍, കസ്റ്റഡിയില്‍ ശരണ്യ പലരുടെയും പേരുകള്‍ പറഞ്ഞതോടെ അന്വേഷണം മന്ദീഭവിച്ചു.
സഹായികളായ രാഷ്ട്രീയക്കാരും പൊലീസുകാരും കുറ്റം ചെയ്തില്ളെന്ന മട്ടിലേക്ക് അന്വേഷണം മാറി. യൂനിഫോമില്‍ യുവതിക്കൊപ്പം കറങ്ങിയ ഉദ്യോഗസ്ഥര്‍, പണം വാങ്ങാന്‍ കൂട്ടുപോയ രാഷ്ട്രീയ നേതാക്കള്‍, സഹായം നല്‍കിയവര്‍ എന്നിവരെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പ്രതി നല്‍കിയതാണ് ആഭ്യന്തരവകുപ്പിന് പൊല്ലാപ്പായത്.
ശരണ്യക്കൊപ്പം യൂനിഫോമില്‍ കാറില്‍ കറങ്ങിയ എസ്.ഐക്കും തട്ടിപ്പിന് സഹായം ചെയ്ത സിവില്‍ പൊലീസ് ഓഫിസര്‍ക്കും എതിരെ നടപടി ഉണ്ടായി. ഇപ്പോള്‍ ഡിവൈ.എസ്.പിക്കെതിരെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.