കൊണ്ടോട്ടിയിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് ലോറിയിലിടിച്ച് അഞ്ച് മരണം

കൊണ്ടോട്ടി (മലപ്പുറം): വിവാഹസംഘം സഞ്ചരിച്ച മിനി ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് ലോറിയിലിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ചു പേര്‍ മരിച്ചു. പരിക്കേറ്റ 19 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. കൊണ്ടോട്ടിക്കടുത്ത് ഐക്കരപ്പടിക്ക് സമീപം കൈതക്കുണ്ടയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം. ബസിലുണ്ടായിരുന്ന 31 പേരും കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണ്.

മട്ടന്നൂര്‍ എടയന്നൂര്‍ തെരൂര്‍ പാലയോട് രയരോത്ത് സുനില്‍- അജിത ദമ്പതികളുടെ മക്കളായ  എം.കെ. സൂര്യ(13), അതുല്‍(11), തെരൂര്‍ പാലയോട് കെ. രാഘവന്‍െറ ഭാര്യ പി. ദേവി(67), വി. അശോകന്‍െറ ഭാര്യ ശശികല എന്ന ഓമന(42), ദേവിയുടെ അനുജത്തിയുടെ മകളുടെ ഭര്‍ത്താവ് രയരോത്ത് വീട്ടില്‍ രവീന്ദ്രന്‍(53) എന്നിവരാണ് മരിച്ചത്. സൂര്യ കൂടാളി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയും അതുല്‍ എളമ്പാറ എല്‍.പി സ്കൂള്‍ വിദ്യാര്‍ഥിയുമാണ്. സൂര്യയുടെയും അതുലിന്‍െറയും അമ്മ അജിത (45), കമല (53) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

ലോറിയുടെ മുന്‍ഭാഗത്ത് ഇടിച്ച് ബസ് സമീപവീടിന്‍െറ മതില്‍ തകര്‍ത്ത്  മുന്നോട്ട് പോവുകയായിരുന്നു. നാട്ടുകാരും അയല്‍വാസികളും ഓടിക്കൂടി ബസിലുള്ളവരെ പുറത്തെടുത്തു. കോഴിക്കോട്ടുനിന്നത്തെിയ ഫയര്‍ഫോഴ്സും കൊണ്ടോട്ടി, കരിപ്പൂര്‍ സ്റ്റേഷനുകളിലെ പൊലീസുദ്യോഗസ്ഥരും ചേര്‍ന്ന് ബസ് വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിയത്. അപകടകാരണം വ്യക്തമായിട്ടില്ല.
മട്ടന്നൂര്‍ സ്വദേശികളായ ജാനകി (60), ബസ് ഡ്രൈവര്‍ അശോകന്‍ (45), സുനില്‍കുമാര്‍ (45), അശോകന്‍ (47), റമീഷ് (28), ആകാശ് (13), മയൂഖ (ഏഴ്), അമേഗ് (അഞ്ച്), ഞാണി, സല്‍ന (40), രമ (46), ലക്ഷ്മി (59), മനോജ് (39), ഗണേശന്‍ (40), ബിന്ദു (42)എന്നിവര്‍ക്ക്് സാരമായി പരിക്കേറ്റു. മനോജ്, മഹേഷ് എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റു.


മരിച്ച ദേവിയുടെ ചെറുമകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ബന്ധുക്കളായ 31 പേരടങ്ങുന്ന സംഘം എടയന്നൂര്‍ തെരൂര്‍ പാലയോട് നിന്ന് സേലത്തേക്ക് പുറപ്പെട്ടത്. ചടങ്ങ് കഴിഞ്ഞ് ഞായറാഴ്ച രാത്രി 7.30ന് സേലത്തുനിന്ന് തിരിച്ചു. പുലര്‍ച്ചെ മൂന്നോടെ അതുവരെ ബസ് ഓടിച്ചിരുന്ന അശോകന്‍  സീറ്റില്‍നിന്ന് മാറി. അപകടം നടക്കുമ്പോള്‍ മട്ടന്നൂര്‍ സ്വദേശി കോലമ്പ്ര മാലൂര്‍ തൈപ്പറമ്പില്‍ ഷമീറാണ് (32) വാഹനം ഓടിച്ചിരുന്നത്. ഷമീറിനെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.  

കാലിത്തീറ്റയുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിക്ക് പിറകില്‍ വലതു ഭാഗത്താണ് ബസ് ആദ്യം ഇടിച്ചത്. പിന്നീട്
റോഡരികില്‍ കിടന്ന ഒരു ബൈക്കും അപകടത്തില്‍പെട്ടു. ഒരു കാര്‍ ലൈറ്റ് ഡിം ചെയ്യാതെ എതിരെ വന്നപ്പോള്‍ വെട്ടിച്ചതാണ് അപകടത്തിന്  കാരണമായതെന്നാണ് ഡ്രൈവര്‍ ഷമീര്‍ പറയുന്നത്. ബസിന്‍െ ഇടതുവശത്തിരുന്നവരാണ് മരിച്ചവരും ഗുരുതരമായി  പരിക്കേറ്റവരും.
ശശികലയുടെ മക്കള്‍: അഖില്‍, അനഘ. ദേവിയുടെ മക്കള്‍: ദിനേശന്‍, വനജ, വത്സല, ലീല, കമല, റോജ, വിനീഷ്. രമയാണ് രവീന്ദ്രന്‍െറ ഭാര്യ. മക്കള്‍: രമിത്ത്, രേഷ്മ.
ഡ്രൈവറൊഴികെ അപകടത്തില്‍പെട്ടവരെല്ലാം ബന്ധുക്കളാണ്. കൊണ്ടോട്ടി സി.ഐ ബി. സന്തോഷ്, എസ്.ഐമാരായ മോഹന്‍ദാസ്, ബിനോയ് എന്നിവര്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഉച്ചക്ക് രണ്ടോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.


അപകടത്തിനിടയാക്കിയത് അശ്രദ്ധമായ ഓവര്‍ടേക്കിങ്- ആര്‍.ടി.ഒ
മലപ്പുറം: ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിക്ക് സമീപം അഞ്ചുപേര്‍ മരിച്ച അപകടത്തിനുകാരണം അശ്രദ്ധവും അപകടകരവുമായ ഓവര്‍ടേക്കിങ്ങാണെന്ന് മലപ്പുറം ആര്‍.ടി.ഒയുടെ റിപ്പോര്‍ട്ട്. ലോറിയില്‍ ഇടിച്ചിട്ടും ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ബ്രേക്ക് ചെയ്തിട്ടില്ല. അപകടം നടന്നയുടന്‍ ഡ്രൈവര്‍ ബ്രേക്ക് ചെയ്തിരുന്നെങ്കില്‍ മരണസംഖ്യ കുറയുമായിരുന്നെന്നും ആര്‍.ടി.ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍പ്പെട്ട ലോറി ഏകദേശം 35 കിലോമീറ്റര്‍ വേഗതയില്‍ റോഡിന്‍െറ ഇടതുവശം ചേര്‍ന്ന് പോകുന്നതിനിടെ ബസ് വന്ന് ഇടിക്കുകയായിരുന്നു. പിറകില്‍ ബസിടിച്ചതിന്‍െറ ആഘാതത്തില്‍ ലോറി മതിലില്‍ ഇടിച്ചു. ബസിന്‍െറ ഇടതുഭാഗത്തെ സീറ്റുകളും ഇടതുഭാഗത്തെ ബോഡിയും (പ്ളാറ്റ്ഫോമിന് മുകളിലുള്ള ഭാഗം) മുഴുവനായും കൊളുത്തി വലിച്ചുപോയി. ഇത് യാത്രക്കാരുടെ തലക്ക് ഗുരുതരമായ പരിക്കേല്‍ക്കാനിടയാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.
അപകടത്തില്‍പ്പെട്ട ബസിന്‍െറ ഡ്രൈവര്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടും ലൈസന്‍സ് കാണിച്ചിട്ടില്ല. അതേസമയം, ഇയാള്‍ക്ക് കേരളത്തില്‍ നിന്ന് ലൈസന്‍സ് നല്‍കിയിട്ടില്ളെന്നും റിപ്പോര്‍ട്ടിലുണ്ട്. ബസിന്‍െറ പെര്‍മിറ്റ് റദ്ദാക്കാന്‍ കണ്ണൂര്‍ ആര്‍.ടി.ഒക്ക് ശിപാര്‍ശ നല്‍കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.