മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: എസ്.എന്‍.ഡി.പി ഭാരവാഹികള്‍ക്ക് എതിരെ വഞ്ചനക്കുറ്റത്തിന് കേസ്


പത്തനംതിട്ട: മൈക്രോ ഫിനാന്‍സ് പദ്ധതി പ്രകാരം ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ എസ്.എന്‍.ഡി.പി പത്തനംതിട്ട യൂനിയന്‍ പ്രസിഡന്‍റിനും സെക്രട്ടറിക്കുമെതിരെ വഞ്ചനക്കുറ്റത്തിന് കേസ്. യൂനിയന്‍ പ്രസിഡന്‍റും കേരള സ്റ്റേറ്റ് പള്‍ട്രി ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ (കെപ്കോ) ചെയര്‍മാനുമായ കെ. പത്മകുമാറിനെ ഒന്നാം പ്രതിയും സെക്രട്ടറി സി.എന്‍. വിക്രമനെ രണ്ടാം പ്രതിയുമാക്കിയാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്.
എസ്.എന്‍.ഡി.പി മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസിലെ സംസ്ഥാനത്തെ ആദ്യ എഫ്.ഐ.ആര്‍ ആണ് പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്തത്. എസ്.എന്‍.ഡി.പി യൂനിയന്‍ കമ്മിറ്റി അംഗം പി.വി. രണേഷ് നല്‍കിയ പരാതിയിലാണ് നടപടി.
പണം വകമാറ്റിച്ചെലവഴിച്ചതിനും കൂടിയ പലിശക്ക് നല്‍കിയതിനുമാണ് കേസെന്ന് പത്തനംതിട്ട സി.ഐ അനില്‍കുമാര്‍ പറഞ്ഞു. വഞ്ചന, വ്യാജരേഖ ചമക്കല്‍, ഗൂഢാലോചന എന്നിവക്കാണ് ഇരുവര്‍ക്കും എതിരെ കേസെടുത്തത്. മൈക്രോ ഫിനാന്‍സിന്‍െറ പേരില്‍ യൂനിയന് കീഴിലെ 52 ശാഖകളിലായി വനിതാ സഹായ സംഘങ്ങള്‍ക്ക് ലഭിച്ച അഞ്ചുകോടി വകമാറ്റിച്ചെലവഴിച്ചെന്നും ഇതില്‍ 47 ലക്ഷത്തിന്‍െറ തട്ടിപ്പ് നടന്നെന്നുമാണ് പരാതി. ഒമ്പതിനും 11നും ഇടയില്‍ ശതമാനം പലിശ ഈടാക്കി വിതരണം ചെയ്യാന്‍ ബാങ്കുകള്‍ നല്‍കുന്ന പണം 15 മുതല്‍ 18 ശതമാനംവരെ പലിശയീടാക്കി ഗുണഭോക്താക്കള്‍ക്ക് നല്‍കി തിരിമറി നടത്തുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
മൈക്രോ ഫിനാന്‍സ് വായ്പ പദ്ധതി പ്രകാരം 36 മാസത്തെ തിരിച്ചടവ് കാലാവധിയിലാണ് ബാങ്കുകള്‍ യൂനിയന് പണം നല്‍കുന്നത്. ഇത് 24 മാസം കൊണ്ട് തിരിച്ചടക്കണമെന്ന് നിര്‍ദേശിച്ചാണ് യൂനിയന്‍ ഗ്രൂപ്പുകള്‍ക്കും ഗുണഭോക്താക്കള്‍ക്കും നല്‍കുന്നത്. ഗ്രൂപ്പുകള്‍ 24 മാസംകൊണ്ട് വായ്പ തിരിച്ചടക്കുമ്പോള്‍ ഗഡു തുക വര്‍ധിക്കും. ഈ വര്‍ധനയിലെ പണം ബാങ്കില്‍ അടക്കാതെ യൂനിയന്‍ മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നുവെന്ന ആക്ഷേപം നേരത്തേയുണ്ട്.
2007-08ല്‍ വിവിധ വനിത സ്വയംസഹായ സംഘങ്ങളുടെ പേരില്‍ അവരുടെ അപേക്ഷയിന്മേല്‍ വിവിധ ബാങ്കുകള്‍ അനുവദിച്ച തുകയില്‍ 30,02,000 രൂപ ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ തിരിമറി നടത്തി.
ഈ വര്‍ഷം തന്നെ പരസ്പര സഹായനിധി പ്രകാരം ബാങ്കുകള്‍ അനുവദിച്ച പണത്തില്‍ 47,22,730 രൂപ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാതെ എസ്.എന്‍.ഡി.പി യൂനിയന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കുന്ന ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ചു.
ഈ പണം 21 ശതമാനം പലിശക്ക് ജില്ലയിലെയും പുറത്തുമുള്ള വ്യാപാരികള്‍ക്ക് വായ്പയായി നല്‍കി.കൂടാതെ സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍ വായ്പക്കായി എസ്.എന്‍.ഡി.പി പത്തനംതിട്ട യൂനിയന് അനുവദിച്ച 50 ലക്ഷം രൂപയുടെ വിതരണത്തിലും തിരിച്ചടവിലും ക്രമക്കേട് നടത്തിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT