തിരുവനന്തപുരം: പട്ടയഭൂമിയിൽ കരിങ്കൽ ക്വാറി–ക്രഷർ യൂനിറ്റുകൾക്ക് അനുമതി നൽകാൻ നിയമോപദേശം നൽകിയ അഡ്വക്കറ്റ് ജനറൽ മറികടന്നത് കൃഷി ഭൂമിയുടെ ദുരുപയോഗം വിലക്കി നിയമസഭ പാസാക്കിയ അഞ്ച് നിയമങ്ങൾ. കേരള ഭൂസംരക്ഷണനിയമം(1957) –ചട്ടങ്ങൾ (1958), ഭൂമി പതിവ് നിയമം(1960) –ചട്ടങ്ങൾ (1964), കൃഷിയോഗ്യമായ വനഭൂമി പതിച്ചുനൽകൽ ചട്ടങ്ങൾ (1970), സ്വകാര്യ വനങ്ങൾ നിക്ഷിപ്തമാക്കലും പതിച്ച് നൽകലും (1971), ഭൂമി പതിച്ചു നൽകൽ (01–01–1977 നുമുമ്പ് വനഭൂമിയിൽ നടത്തിയ കുടിയേറ്റം ക്രമപ്പെടുത്തൽ), പ്രത്യേക ചട്ടങ്ങൾ (1993) എന്നിവ എക്സിക്യൂട്ടിവ് ഉത്തരവിലൂടെ ഒറ്റയടിക്ക് മറികടക്കാനാണ് എ.ജി നിയമോപദേശം നൽകിയത്.
നിയമസഭ പാസാക്കിയ നിയമവും ചട്ടങ്ങളും ഭേദഗതി ചെയ്യണമെങ്കിൽ നിയമസഭാ സമ്മേളനം വിളിക്കണമെന്നിരിക്കെയാണ് തെറ്റായ കീഴ്വഴക്കം. തെൻറ റിപ്പോർട്ടിെൻറ പകുതിയലധികം പേജുകളും നിലവിലെ നിയമത്തിലും ചട്ടത്തിലുമുള്ള ഖനനത്തിന് തടസ്സമാകുന്ന ഭാഗങ്ങൾ ഉദ്ധരിച്ച ശേഷമാണ് നിയമോപദേശം നൽകിയത്.
1964 ലെ ഭൂപതിവ് ചട്ടത്തിൽ ഭൂമി പതിച്ചുനൽകാനുള്ള വ്യവസ്ഥയുണ്ട്. പതിച്ചുകിട്ടിയ വ്യക്തി അവിടെത്തന്നെ കൃഷി ചെയ്യണം. പട്ടയം ലഭിച്ചശേഷം ഒരു വർഷത്തിനുള്ളിൽ കൃഷി ചെയ്യുകയോ താമസിക്കുകയോ വേണം. പട്ടയം ലഭിച്ചവർ വ്യവസ്ഥകൾ ലംഘിച്ചാൽ പതിവ് റദ്ദാക്കും. ഭൂമി പതിച്ചുനൽകിയത് അനുചിതമാണെന്നോ നടപടികളിൽ ക്രമക്കേടുണ്ടെന്നോ കണ്ടെത്തിയാലും റദ്ദാക്കാം. ഈ വ്യവസ്ഥകൾ അനുസരിച്ച് പട്ടയഭൂമിയിൽ കരിങ്കൽ ഖനനത്തിന് അനുമതി നൽകാനാവില്ല.
സ്വകാര്യ വനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) നിയമം അനുസരിച്ച് കൃഷി പ്രോത്സാഹിപ്പിക്കാൻ കർഷക സമൂഹത്തിനാണ് സ്വകാര്യവനമോ സ്വകാര്യവനത്തിലുൾപ്പെട്ട സ്ഥലമോ പതിച്ചുനൽകുന്നത്. കൃഷിക്കാർക്കും കർഷകത്തൊഴിലാളികൾക്കും കൃഷി ഉപജീവനമായി സ്വീകരിക്കാൻ തയാറുള്ള പട്ടികജാതി–വർഗത്തിൽ പെട്ടവർക്കുമാണ് നൽകുന്നത്. ഇങ്ങനെ പാട്ടം നൽകിയ ഭൂമിയിലും ഖനനം നടത്തണമെങ്കിൽ ചട്ടം മാറ്റണം. ഈ നിയമത്തിലെ മൂന്നാം ചട്ടപ്രകാരം ക്വാറി നടത്തുന്നത് അനുവദനീയമല്ല. 1993ലെ ചട്ടമനുസരിച്ചാണ് ഇടുക്കിയടക്കം അഞ്ച് ജില്ലകളിൽ വനഭൂമി പതിച്ചുനൽകാൻ കേന്ദ്ര അനുമതി ലഭിച്ചത്. ഇവിടെ ഉപാധിരഹിത പട്ടയം വിതരണം ചെയ്യാമെന്ന് സർക്കാർ ഉത്തരവും നൽകി. എ.ജി നൽകിയ നിയമോപദേശത്തിലൂടെ ഈ പട്ടയഭൂമി പൂർണമായി ക്വാറി മാഫിയയുടെ കൈകളിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.