ദലിതരെ ചുട്ടുകൊല്ലുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വനിതാ നേതാവ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു

മുക്കം: സംഘ്പരിവാര്‍ ശക്തികളുടെ സഹായത്തോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദലിതരെ ചുട്ടുകൊല്ലുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വനിതാനേതാവ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ താമരചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി കെ. കമലയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത് .
ഹരിയാനയിലെ പട്ടികജാതി കുടുംബത്തിലെ പിഞ്ചോമനകളെ ചുട്ടു കൊല്ലുകയും, ദലിത് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്ത നടപടിയില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകള്‍ മൗനംപാലിക്കുന്നതിലും, ഉത്തര വാദപ്പെട്ട കേന്ദ്രമന്ത്രി സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതിനുപകരം പട്ടിയോട് ഉപമിച്ചതിലും മന$പ്രയാസമുള്ളതുകൊണ്ടാണ് പ്രതിഷേധസൂചകമായി സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതെന്ന് കമലം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.    തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ നേതൃത്വത്തിന്‍െറ ദളിത് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ഥി പിന്മാറിയത് ബി.ജെ.പി ക്ക് തിരിച്ചടിയായി. എന്നാല്‍ കമലത്തിന്‍െറ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു എന്ന പ്രസ്ഥാവനക്ക് പിന്നില്‍ സി.പി.എം ഗൂഢാലോചനയാണെന്ന് ബി.ജെ.പി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.
പഞ്ചായത്തിലെ ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യത്തില്‍ അങ്കലാപ്പിലായ സി.പി.എം നേതാക്കള്‍ സ്ഥാനാര്‍ഥിയെ ഭീഷണിയും സമ്മര്‍ദവും ചെലുത്തി പ്രസ്താവനയില്‍ ഒപ്പുവെപ്പിക്കുകയായിരുന്നെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷനും പൊലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും മണ്ഡലം പ്രസിഡന്‍റ് ബാബു മൂലയില്‍ അറിയിച്ചു. നേരത്തെ ബി.എസ്.പി പ്രവര്‍ത്തകയായിരുന്ന ഇവര്‍ ഇത്തവണ ബി.ജെ.പിയിലേക്ക് മാറുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.