കൊച്ചി: എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള അവകാശമുണ്ടെന്നും അത് നിയമപരമായി തടയാനാകില്ലെന്നും സർക്കാർ ഹൈകോടതിയിൽ. സർക്കാർ ശമ്പളമാണ് ഇവർ കൈപ്പറ്റുന്നതെങ്കിലും നിയമനരീതിയും സേവനവ്യവസ്ഥയും സർക്കാർ അധ്യാപകരുടേതിൽനിന്ന് വ്യത്യസ്തമാണ്. കേരള വിദ്യാഭ്യാസ ആക്ടിെൻറയും റൂൾസിെൻറയും അധിസ്ഥാനത്തിലാണ് എയ്ഡഡ് അധ്യാപകരുടെ സേവനവ്യവസ്ഥ നിർണയിച്ചിട്ടുള്ളതെങ്കിൽ സർക്കാർ അധ്യാപകർക്ക് കേരള വിദ്യാഭ്യാസ റൂൾസാണ് ബാധകം. അതിനാൽ, സർക്കാർ അധ്യാപകർക്ക് സമാനമായി എയ്ഡഡ് അധ്യാപകരെ കാണാനാകില്ലെന്നും പൊതുവിദ്യാഭ്യാസ സ്പെഷൽ സെക്രട്ടറി ആർ. കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. എയ്ഡഡ് അധ്യാപകരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു സ്ഖറിയാസ് ഉൾപ്പെടെ നൽകിയ ഹരജികളിലാണ് സർക്കാറിെൻറ വിശദീകരണം.
1967ലെ സർക്കാർ ഉത്തരവിലൂടെയാണ് എയ്ഡഡ് അധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശം നൽകിയത്. സർക്കാറിേൻറതല്ലാത്ത വിദ്യാഭ്യാസ സ്ഥാനപങ്ങളിൽ അധ്യാപകനോ ജീവനക്കാരനോ ആണെന്ന പേരിൽ ജനപ്രതിനിധിയെ അയോഗ്യനാക്കാൻ കഴിയില്ലെന്ന നിയമവും നിലവിലുണ്ട്.
നിയമനിർമാണ സഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവധി അനുവദിക്കാൻ വ്യവസ്ഥ കെ.ഇ.ആറിലുണ്ട്. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ശമ്പളമില്ലാത്ത അവധി നൽകണം. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദവിയിലുള്ളവർക്കും ഒരു അക്കാദമിക് വർഷത്തേക്കോ കാലാവധി തീരുന്നതുവരെയോ പ്രതിഫലമില്ലാത്ത പ്രത്യേക അവധി നൽകാൻ വ്യവ്സഥയുണ്ട്. 20 ദിവസത്തെ ഡ്യൂട്ടി ലീവിനും അർഹതയുണ്ട്.
അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 15 ദിവസത്തെ ഡ്യൂട്ടി ലീവിനാണ് അർഹത. വിദ്യാർഥികളുടെ അധ്യയനത്തെ ബാധിക്കാത്തവിധത്തിൽ അവധി അനുവദിക്കാനാണ് വ്യവസ്ഥ. ഹരജി നിലനിൽക്കുന്നതല്ലെന്നും തള്ളണമെന്നും സ്പെഷൽ ഗവ. പ്ലീഡർ ഗിരിജ ഗോപാൽ മുഖേന നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.