സി.എന്‍. ബാലകൃഷ്ണന്‍െറ മരുമകനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം

തൃശൂര്‍: അടാട്ട് ഫാര്‍മേഴ്സ് സഹകരണ ബാങ്ക് നെല്ല് സംഭരിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍െറ മരുമകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ത്വരിതാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്.
 2013-14 കാലത്ത് 6.5 കോടിയുടെ നെല്ല് പുറത്തുനിന്നും സംഭരിച്ച നടപടിയില്‍ അഴിമതിയുണ്ടെന്ന് കാണിച്ച് ബാങ്ക് അംഗം ചിറ്റിലപ്പിള്ളി ചാണയില്‍ സന്തോഷ് നല്‍കിയ ഹരജിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്. വാസന്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.
മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍െറ മരുമകനും ബാങ്ക് പ്രസിഡന്‍റുമായ എം.വി. രാജേന്ദ്രന്‍, ആരോപണ കാലത്ത് ബാങ്കിന്‍െറ അഡ്മിനിസ്ട്രേറ്ററായിരുന്ന പി. രാമചന്ദ്രന്‍, മാനേജിങ് ഡയറക്ടറായിരുന്ന പി. സുശീലാവര്‍മ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.
 ബാങ്കിലെ അംഗങ്ങളായ കര്‍ഷകരില്‍നിന്നല്ലാതെ നെല്ളോ, അരിയോ സംഭരിക്കരുതെന്നും ബാങ്കിനെ ബാധിക്കുന്ന പ്രധാന തീരുമാനങ്ങളോ നടപടികളോ എടുക്കരുതെന്നുമുള്ള ഹൈകോടതിയുടെ രണ്ട് ഉത്തരവുകള്‍ ലംഘിച്ച് 36 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്‍െറ 6.5 കോടി രൂപയിലധികം ദുരുപയോഗം ചെയതെന്നാണ് പരാതി.
കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും സ്വകാര്യ കമ്പനികളില്‍നിന്നും നെല്ലും അരിയും വ്യാജ ബില്ലുകളുണ്ടാക്കി ശേഖരിക്കുകയും രാജേന്ദ്രന്‍ ഡയറക്ടറായിരുന്ന അത്താണി കാര്‍ത്തിക മില്ലിന് മുഴുവന്‍ തുകയും വായ്പയായി നല്‍കുകയും ചെയ്തു. വായ്പ തിരിച്ചുപിടിക്കാന്‍ ശ്രമിക്കാതെ കള്ളക്കണക്കുണ്ടാക്കി ബാങ്കിനെ കബളിപ്പിച്ച് പൊതുപണം നഷ്ടപ്പെടുത്തുകയും അപഹരിക്കുകയും ചെയ്തുവെന്ന് ഹരജിയില്‍ ആരോപിക്കുന്നു.
തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പിയോടാണ് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഹരജിക്കാരന് വേണ്ടി അഡ്വ. കെ.ഡി. ബാബു ഹാജരായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.