കണ്ണൂരിൽ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു മരണം

പാപ്പിനിശ്ശേരി (കണ്ണൂര്‍): കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയവര്‍ സഞ്ചരിച്ച കാര്‍ പാപ്പിനിശ്ശേരി കീച്ചേരിയില്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു മരണം. ആറുപേര്‍ക്ക് പരിക്കേറ്റു. ഖത്തറില്‍നിന്ന് അവധിക്ക് നാട്ടിലേക്ക് വരുകയായിരുന്ന തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളജ് പരിസരത്തെ ടി.എ. ബാബു (45), ഭാര്യാ മാതാവ് നടക്കാവ് ഇയ്യക്കാട്ടെ തൈവളപ്പില്‍ ലക്ഷ്മി (65) എന്നിവരാണ് മരിച്ചത്. ബാബുവിന്‍െറ മക്കളായ ലിബിന (24), ലിജിന (19), ലക്ഷ്മിയുടെ ഇളയ മകളുടെ ഭര്‍ത്താവ് പയ്യന്നൂര്‍ കവ്വായിയിലെ പി.വി. ചന്ദ്രന്‍, ചന്ദ്രന്‍െറ മകന്‍ വിപിന്‍ (12), പയ്യന്നൂര്‍ സ്വദേശിയായ ഡ്രൈവര്‍ സബിന്‍ (36), സുഹൃത്ത് കെ. വിപിന്‍ (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ലിബിന, ലിജിന എന്നിവര്‍ എ.കെ.ജി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റുള്ളവരെ ഉച്ചക്കുശേഷം ഡിസ്ചാര്‍ജ് ചെയ്തു.

ദേശീയപാതയില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം. വിവരമറിഞ്ഞ് വളപട്ടണം പൊലീസ് സ്ഥലത്തത്തെിയാണ് പരിക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചത്. ബാബു അപകടസ്ഥലത്തും ലക്ഷ്മി ആശുപത്രിയിലുമാണ് മരിച്ചത്.  ഖത്തറില്‍നിന്ന് വരുകയായിരുന്ന ബാബുവിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് ദുരന്തം. നിയന്ത്രണംവിട്ട കാര്‍ രണ്ടുതവണ ഇടത്തോട്ടും വലത്തോട്ടുമായി മറിഞ്ഞെന്ന് പറയുന്നു. വാഹനം പൂര്‍ണമായി തകര്‍ന്നു. ചാറ്റല്‍ മഴ കാരണം കാര്‍ റോഡില്‍നിന്ന് തെന്നിയതാണ് അപകട കാരണമെന്നാണ് പൊലീസ് നിഗമനം. കുടുംബത്തില്‍ നടക്കുന്ന കളിയാട്ട ഉത്സവത്തില്‍ പങ്കെടുക്കാനാണ് ബാബു വന്നത്.ചെറുവത്തൂര്‍ വെള്ളാട്ടെ പരേതനായ എം. കുഞ്ഞിരാമന്‍െറയും ടി.എ. മാണിക്കത്തിന്‍െറയും മകനാണ് ബാബു. ഭാര്യ: ലതിക. ഈയ്യക്കാട്ടെ പരേതനായ ടി.വി. കരുണാകരന്‍െറ ഭാര്യയാണ് ലക്ഷ്മി. വൈക്കത്ത് ക്ഷീരോല്‍പാദക സഹകരണ സംഘം ഭരണസമിതി അംഗമാണ്. മക്കള്‍: സുജിത്ത്, അജിത്ത് (ഇലക്ട്രീഷന്‍), ലതിക, ഷീബ (നെയ്ത്ത് തൊഴിലാളി, മാണിയാട്ട്). മറ്റു മരുമക്കള്‍: രമ്യ (മുഴക്കോം), രമ്യ (ഒളവറ).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.