ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഗ്രാമസഭ വരുന്നു

തൃശൂര്‍: സംസ്ഥാനത്തുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഗ്രാമസഭ വരുന്നു. തൊഴില്‍ രംഗത്തും ആരോഗ്യ-ശുചിത്വ മേഖലയിലും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അറിയാനും ശാശ്വത പരിഹാരം കാണാനും ലക്ഷ്യമിട്ടാണ് ഗ്രാമസഭ. അവര്‍ ഏര്‍പ്പെട്ട തൊഴില്‍ മേഖലകള്‍, വിന്യസിക്കുന്ന കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവ സംബന്ധിച്ചും താമസ സ്ഥലം, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പഞ്ചായത്തിന്‍െറ സഹായം, അവരിലൂടെ എത്തിച്ചേരാനിടയുള്ള പകര്‍ച്ച വ്യാധികള്‍ കണ്ടത്തെി പരിഹാര നടപടി സ്വീകരിക്കല്‍, ഇത്തരക്കാരുടെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍, കുറ്റകൃത്യങ്ങള്‍ എന്നിവയുടെ വിവരം ശേഖരിക്കലും തെറ്റായ പ്രവണതകള്‍ തടയാന്‍ ബോധവത്കരണവുമാണ് ഗ്രാമസഭയുടെ പരിധിയില്‍ വരുന്നത്.

ഗ്രാമപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് യോഗം ചേരും. ഭരണസമിതി ഭാരവാഹികളും വാര്‍ഡ് മെംബറും വിവിധ വകുപ്പുദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്ത് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കും. സ്ഥിതിവിവരങ്ങള്‍ ശേഖരിക്കാന്‍ ആദ്യം സര്‍വേ നടത്തും. ഗ്രാമസഭാ യോഗത്തിനുശേഷം ഇവരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ കര്‍മപരിപാടി തയാറാക്കും. വാര്‍ഡ് വികസന സമിതിയുടേയും അയല്‍സഭയുടേയും സഹായത്തോടെ തയാറാക്കുന്ന കമ്യൂണിറ്റി പ്ളാനില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി പദ്ധതികളും തയാറാക്കും.

ഇത്തരം മാതൃകാ ഗ്രാമസഭ ചേരാനുള്ള നടപടി മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. ‘കില’യില്‍ സംഘടിപ്പിച്ച കൂടിയാലോചനാ യോഗത്തില്‍ മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ബെന്നി, വൈസ് പ്രസിഡന്‍റ് കെ.എച്ച്. സുഭാഷ് , സെക്രട്ടറി വസന്തകുമാര്‍, പഞ്ചായത്തംഗം സോണി സണ്ണി എന്നിവര്‍ സംബന്ധിച്ചു. കില ഡയറക്ടര്‍ പി.പി. ബാലന്‍ അധ്യക്ഷത വഹിച്ചു. അസോ. പ്രഫ. ഡോ.പീറ്റര്‍ എം.രാജ്, എക്സ്റ്റന്‍ഷന്‍ ഫാക്കല്‍റ്റി പി.വി. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ആദ്യത്തെ ഗ്രാമസഭായോഗം മേയ് 23ന് കിലയില്‍ ചേരുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.