സുരക്ഷ ഉറപ്പാക്കി തൃശൂർ പൂരം നടത്താൻ ഉന്നതതല യോഗ തീരുമാനം

തൃശൂർ: ഹൈകോടതിയുടെ നിർദേശ പ്രകാരമുള്ള സുരക്ഷ ഉറപ്പാക്കി തൃശൂർ പൂരം നടത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം. കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കും. ആന എഴുന്നള്ളിപ്പ് ഇത്തവണയും ഉണ്ടാകുമെന്നും വനം വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കുമെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.


സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പൂർണ സഹകരണം ഉറപ്പുനൽകിയിട്ടുണ്ട്. രണ്ട് ദേവസ്വങ്ങൾ ചർച്ച നടത്തി ഇതിനുള്ള വിശദാംശങ്ങൾ തയാറാക്കും. സുരക്ഷ പ്രധാനമാണെന്നും പൂരം ഭംഗിയായി നടത്താൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. പരവൂർ വെടിക്കെട്ട് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ അഞ്ചു ലക്ഷം രൂപ സംഭാവന നൽകിയതായും ഉമ്മൻചാണ്ടി അറിയിച്ചു.

വരും വർഷങ്ങളിൽ ലേസർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വെടിക്കെട്ട് നടപ്പാക്കുന്ന കാര്യം ആലോചിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ശബ്ദം കുറഞ്ഞതും വർണപ്പൊലിമയുള്ളതുമായ ഇത്തരം വെടിക്കെട്ടുകൾ വിദേശ രാജ്യങ്ങളിൽ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പൂരം നടത്താനുള്ള സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ സുരക്ഷയും ഉറപ്പാക്കി ഭംഗിയായി പൂരം നടത്തും. ദുരിതാശ്വാസ സേനയുടെ താമസ സൗകര്യം അടക്കമുള്ള ചെലവുകൾ സർക്കാർ വഹിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ബാരിക്കേഡുകൾ പൊതുമരാമത്ത് വകുപ്പ് നിർമിച്ച് നൽകും. പുതിയ ഒരു തീരുമാനവും അടിച്ചേൽപിക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും പ്രതിനിധികൾ അറിയിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ നടന്ന ഉന്നതതല യോഗത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വനംമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, സഹകരണ മന്ത്രി സി.എൻ ബാലകൃഷ്ണൻ, എം.എൽ.എമാരായ തേറമ്പിൽ രാമകൃഷ്ണൻ, പി.എ മാധവൻ, തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രതിനിധികൾ, തൃശൂരിലെ സ്ഥാനാർഥികൾ എന്നിവർ പങ്കെടുത്തു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.