പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.സരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. സരിന്റെ നിലപാടുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് പരിഹാസം. നേരത്തെ കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ പാതിരാത്രി പൊലീസ് റെയ്ഡ് നടത്തിയത് ഷാഫിയുടെ നാടകമാണെന്ന് പി.സരിൻ പറഞ്ഞിരുന്നു.
എന്നാൽ, സരിന്റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു രംഗത്തെത്തുകയും ചെയ്തു. തുടർന്ന് സരിൻ വിഷയത്തിൽ നിലപാട് മാറ്റി. തുടർന്ന് സംഭവം ഷാഫിയുടെ തിരക്കഥയാണെന്ന് സംസ്ഥാന സെക്രട്ടറി നിലപാടെടുത്തതോടെ സരിൻ വീണ്ടും മലക്കംമറിഞ്ഞുവെന്നാണ് വി.ടി ബൽറാം ആരോപിക്കുന്നത്. പിന്നീട് നീല പെട്ടിയും പൊക്കിപിടിച്ച് നടക്കാൻ നാണമില്ലേയെന്ന് പാലക്കാട്ടെ എൽ.ഡി.എഫ് നേതാവ് എൻ.എൻ കൃഷ്ണദാസ് പറഞ്ഞതോടെ സരിൻ വീണ്ടും മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞുവെന്നാണ് വി.ടി ബൽറാം ആരോപിക്കുന്നത്.
മലക്കം മറിഞ്ഞ് നല്ല ശീലമുള്ള സ്ഥാനാർഥിയെ കയ്യിൽ കിട്ടിയെന്ന് വെച്ച് ആ പാവത്തെ ഇങ്ങനെയിട്ട് വട്ടു കളിപ്പിക്കരുതെന്ന് സി.പി.എം നേതാക്കളോട് പറഞ്ഞാണ് വി.ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.