പരവൂര്‍ വെടിക്കെട്ട് ദുരന്തം: നാലുപേര്‍കൂടി പിടിയില്‍

തിരുവനന്തപുരം/കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് നാലുപേര്‍കൂടി പിടിയില്‍. വെടിക്കെട്ട് കരാറുകാരന്‍ സുരേന്ദ്രന്‍െറ മൂത്ത മകന്‍ ഉമേഷ് (40), വെടിക്കെട്ട് തൊഴിലാളികളായ നേമം പൂഴിക്കുന്ന് പുതുവല്‍പ്പുര വീട്ടില്‍ എസ്. ചിഞ്ചു (36), ചിറയിന്‍കീഴ് കിഴുവിലം പൂമംഗലത്ത് എം. സലീം (58), ആറ്റിങ്ങല്‍ വെള്ളരിക്കല്‍ രേഷ്മാഭവനില്‍ ആര്‍. രവി(42) എന്നിവരാണ് പിടിയിലായത്.
തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഉമേഷിനെ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ റോബര്‍ട്ട് ജോണിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തേക്ക് കൊണ്ടുപോയി. വിശദ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉമേഷിനെ വ്യാഴാഴ്ച പരവൂര്‍ കോടതിയില്‍ ഹാജരാക്കും. ഉമേഷിന്‍െറ പേരിലാണ് വെടിമരുന്ന് സൂക്ഷിക്കാനുള്ള ലൈസന്‍സ് തരപ്പെടുത്തിയത്. ദുരന്തത്തിനിടയാക്കിയ സ്ഫോടനത്തിനു മുമ്പ് തോളില്‍ അമിട്ട് വീണാണ് ഉമേഷിന് പരിക്കേറ്റത്.
സുരേന്ദ്രന്‍െറ ഇളയ മകന്‍ ദീപു തലസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസിന്‍െറ കര്‍ശനനിരീക്ഷണത്തിലാണിയാള്‍. ദുരന്തത്തില്‍ സാരമായി പരിക്കേറ്റ ദീപുവിന്‍െറ നില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പരിക്ക് ഭേദമാകുന്ന മുറക്ക് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. ഇവരോടൊപ്പം വെടിക്കെട്ട് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മറ്റ് തൊഴിലാളികള്‍ക്കായും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആറ്റിങ്ങല്‍, വര്‍ക്കല ഭാഗത്തെ ചില വെടിക്കെട്ട് തൊഴിലാളികള്‍ സുരേന്ദ്രന്‍െറ സംഘത്തിലുണ്ടായിരുന്നെന്നാണ് പൊലീസ് സംശയിക്കുന്നത്.
15 കിലോമാത്രം വെടിമരുന്ന് സൂക്ഷിക്കാന്‍ ലൈസന്‍സുള്ള സുരേന്ദ്രന്‍െറ പക്കല്‍ 1500 കിലോയില്‍പരം വെടിമരുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്‍െറ ഉറവിടം കണ്ടത്തൊനുള്ള ശ്രമവും അന്വേഷണസംഘം നടത്തുന്നുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വെടിമരുന്ന് എത്തിച്ചതായാണ് പ്രാഥമിക നിഗമനം. ഈ സാഹചര്യത്തില്‍ അന്വേഷണം തമിഴ്നാട് ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് നീളാനാണ് സാധ്യത. റിമാന്‍ഡിലായിരുന്ന പ്രതികളായ കൊച്ചുമണി, തുളസി, അശോകന്‍, അജയന്‍, വിനോദ് എന്നിവരെ 23 വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ നല്‍കി. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ എട്ട് ക്ഷേത്ര ഭാരവാഹികളെ തെളിവെടുപ്പിനുശേഷം ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി. ഇവരെ ജില്ലാ ജയിലിലേക്ക് മടക്കി അയച്ചു.

ഉദ്യോഗസ്ഥര്‍ക്കെതിരായ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിച്ചില്ല
തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെയും റവന്യൂ ഉദ്യോഗസ്ഥതലത്തിലെ വീഴ്ച പൊലീസിന്‍െറ തലയില്‍ കെട്ടിവെക്കുകയാണെന്ന സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന്‍െറയും റിപ്പോര്‍ട്ടുകള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല.
 പരവൂര്‍ സന്ദര്‍ശിച്ചശേഷം മന്ത്രിസഭാ ഉപസമിതി നല്‍കിയ റിപ്പോര്‍ട്ടും മന്ത്രിസഭ ചര്‍ച്ചക്കെടുത്തില്ല. ആഭ്യന്തര സെക്രട്ടറിയുടെയും ഡി.ജി.പിയുടെയും ഭിന്നറിപ്പോര്‍ട്ടുകള്‍ വിവാദമായിരുന്നു. വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിയുടെ കൈവശമാണ്. ദുരന്തവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്‍െറ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ തുടര്‍നടപടി സ്വീകരിക്കൂവെന്നാണ് സൂചന. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകാന്‍ ഇനിയും ഏറെനാള്‍ വേണ്ടിവരും. പൊലീസിനെ കുറ്റപ്പെടുത്തി കൊല്ലം ജില്ലാ കലക്ടര്‍ എ. ഷൈനാമോളും നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.  മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ അവതരിപ്പിച്ചിരുന്നു. ഇതിന്‍െറ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്രസഹായം തേടിയത്. 117 കോടി രൂപയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
ഉപസമിതി റിപ്പോര്‍ട്ട് നടപ്പില്‍ വരുത്തുന്ന സാഹചര്യത്തില്‍ ഇത് ഇനി മന്ത്രിസഭ പരിഗണിക്കേണ്ടതില്ളെന്ന നിലപാടിലാണ് സര്‍ക്കാര്‍. തെരഞ്ഞെടുപ്പുപ്രചാരണത്തിലായതിനാല്‍ മന്ത്രിമാരില്‍ ഭൂരിഭാഗവും മന്ത്രിസഭായോഗത്തിനത്തെിയില്ല. അരമണിക്കൂറോളം മാത്രമാണ് മന്ത്രിസഭ ചേര്‍ന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിയും ഘടകകക്ഷികളുടെ മുതിര്‍ന്ന മന്ത്രിമാരും യു.ഡി.എഫ് യോഗത്തിന്‍െറ തിരക്കിലായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.