തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്ര ഉത്സവത്തിനിടെ നടന്ന വെടിക്കെട്ടപകടത്തെക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ മേയ് 17നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ നിര്‍ദേശിച്ചു. കൊച്ചി സ്വദേശി ഗിരീഷ് ബാബു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് ഉത്തരവ്.15 കിലോ സ്ഫോടകവസ്തു കൈവശംവെക്കാനുള്ള ലൈസന്‍സിന്‍െറ മറവില്‍ വന്‍തോതില്‍ നിരോധിത സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് നടത്തിയ വെടിക്കെട്ടാണ് അപകടത്തിന് കാരണമായതെന്നും അനുമതിയില്ലാതെ നടന്ന മത്സരക്കമ്പം വിലക്കാത്തതിന് പിന്നില്‍ വന്‍ അഴിമതിയും ജില്ലാ റവന്യൂ പൊലീസ് അധികാരികളുടെ നിഷ്ക്രിയത്വവും ഉണ്ടെന്നും ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. സ്ഫോടകവസ്തു കൈകാര്യം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയതായും രേഖകള്‍ സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതായി വിജിലന്‍സ് അഡി.ലീഗല്‍ അഡൈ്വസര്‍ ചെറുന്നിയൂര്‍ എസ്. ഉണ്ണിക്കൃഷ്ണന്‍ കോടതിയെ അറിയിച്ചു. സംഭവത്തിന്‍െറ ഗൗരവം കണക്കിലെടുത്താണ് അഴിമതി ആരോപണത്തില്‍ കോടതി റിപ്പോര്‍ട്ട് തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.