തിരുവനന്തപുരം: രാജ്യം വരള്‍ച്ചക്കെടുതിയിലേക്ക് കൂപ്പുകുത്തുന്നതിനിടെ വേനല്‍മഴക്കായി സംസ്ഥാനം ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മേയ് ആദ്യവാരമെങ്കിലും എത്തുമെന്ന് പ്രതീച്ചിരുന്ന മഴ, ഇപ്പോഴത്തെ നിരീക്ഷണമനുസരിച്ച് നീണ്ടുപോകാനാണ് സാധ്യത. ഏപ്രില്‍ ആദ്യവാരത്തോടെ വേനല്‍മഴ പ്രതീക്ഷിച്ചെങ്കിലും പസഫിക് സമുദ്രത്തില്‍ ഉടലെടുത്ത ഉഷ്ണജലപ്രവാഹമായ എല്‍നിനോ പ്രതിഭാസം ശക്തമായി തുടരുന്നതും വരണ്ട കാറ്റ് വീശുന്നതും കേരളത്തിന്‍െറ പ്രതീക്ഷകളെ തകിടം മറിക്കുകയായിരുന്നു. ഇതോടെ കൊടിയ വരള്‍ച്ചയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്.
അതേസമയം, ചൊവ്വാഴ്ച മലമ്പുഴയില്‍ രേഖപ്പെടുത്തിയ റെക്കോഡ് ചൂട് ഇനിയും തിരുത്തുമെന്ന നിഗമനത്തിലാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നേരത്തേ പാലക്കാട് മുണ്ടൂരായിരുന്നു 41.5 ഡിഗ്രി റെക്കോഡ് ചൂട് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് ആറുവര്‍ഷത്തിനിടെയുള്ള ഏറ്റവും കൂടിയ ചൂടാണ് മലമ്പുഴയില്‍ രേഖപ്പെടുത്തിയത്. ഇതിനിടെ സംസ്ഥാനത്ത് ശരാശരി താപനില 37 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു. ഇതിന്‍െറ ഫലമായാണ് രാത്രിയും അതിരാവിലെയും കനത്ത ചൂട് അനുഭവപ്പെടുന്നത്.കോഴിക്കോട് അതിരാവിലെ അനുഭവപ്പെടുന്ന കുറഞ്ഞ ചൂട് 29 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ആലപ്പുഴ, കണ്ണൂര്‍, തിരുവനന്തപുരം, കോട്ടയം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ എന്നിവിടങ്ങളിലും അതിരാവിലെ കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് കൊല്ലം ജില്ലയിലെ പുനലൂരാണ് ഈ സീസണിലെ ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത്. 23 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പുനലൂരിലെ കുറഞ്ഞ ചൂട്. അതേസമയം ഏപ്രില്‍ 14 മുതല്‍ 20 വരെ സംസ്ഥാനത്ത് 78 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ഭാഗങ്ങളില്‍ മഴ ലഭിച്ചിട്ടില്ല. കണ്ണൂരില്‍ ഈ സീസണില്‍ 41.2 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ലഭിച്ചത് 1.8 മില്ലീ മീറ്റര്‍ മാത്രമാണ്. എന്നാല്‍, മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ കോട്ടയത്ത് മാത്രമാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. ഇവിടെ എട്ട് ശതമാനം മഴയുടെ കുറവാണുള്ളത്.
ലക്ഷദ്വീപും കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ 20 വരെയുള്ള മഴയുടെ കണക്ക് പരിശോധിക്കുമ്പോള്‍ 93 ശതമാനം കുറവാണ് ദ്വീപിലുള്ളത്. 47.4 മില്ലീ മീറ്റര്‍ ലഭിക്കേണ്ടിടത്ത് 3.2 മില്ലീ മീറ്റര്‍ മാത്രമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.