തിരുവനന്തപുരം: വന നിയമ ഭേദഗതി സംബന്ധിച്ച് കേരള കോണ്‍ഗ്രസ് (എം) ഉന്നയിച്ച ആവശ്യങ്ങളും ആശങ്കകളും ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായി ചെയര്മാന് ജോസ് കെ. മാണി. കര്‍ഷകരെയും മലയോര ജനതയെയും ദോഷകരമായി ബാധിക്കുന്ന ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് ഉറപ്പു നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയുടെ നിവേദക സംഘത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി.
നിരന്തരമായുണ്ടാകുന്ന വന്യജീവി സംഘര്‍ഷത്താല്‍ പൊറുതിമുട്ടുന്ന വനാതിര്‍ത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലെ ഒരു കോടി 30 ലക്ഷം ജനങ്ങളെ ബാധിക്കുന്നതാണ് നിയമഭേദഗതി സംബന്ധിച്ച കരട് വിജ്ഞാപനത്തിലെ നിർദേശങ്ങള്‍. വനപാലകര്‍ അറസ്റ്റ് ചെയ്യുന്നവരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുന്നതിനുള്ള സമയപരിധി എത്രവേണമെങ്കിലും നീട്ടിനല്‍കുന്ന 63-ാം ഭേദഗതി, സംശയത്തിന്റെ പേരില്‍ വനത്തില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്യാന്‍ നിലവിലുള്ള നിയമത്തില്‍ ഡി.എഫ്.ഒ മാര്‍ക്കുള്ള അധികാരം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് വരെ കൈമാറാനുള്ള ഭേദഗതി, സെക്ഷന്‍ 27, 62 വകുപ്പുകള്‍ പ്രകാരം വനാതിര്‍ത്തി നിശ്ചയിക്കുന്ന ജണ്ടയിലെ ഒരു കല്ലിളകി വീണാല്‍പോലും പ്രദേശവാസികളെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശം, സെക്ഷന്‍ 2 (ബി.എ) പ്രകാരം പുഴകളില്‍ മീന്‍പിടിക്കാന്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം, സെക്ഷന്‍ (52) പ്രകാരം കുറ്റത്തിലേര്പ്പെട്ടെന്ന് സംശയിക്കപ്പെടുന്ന ആളിന്റെ വീട്, വാഹനം, സ്ഥലം എന്നിവ വാറന്റില്ലാതെ പരിശോധിക്കാന്‍ വനംവകുപ്പുദ്യോഗസ്ഥര്‍ക്ക് അധികാരം നല്കുന്ന നിര്‍ദേശം, തെറ്റായി അറസ്റ്റോ, കേസെടുക്കലോ ഉണ്ടായെന്ന് ബോധ്യപ്പെട്ടാല്‍ ഉത്തരവാദിത്തമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥന് ആറു മാസം തടവും പിഴയും ചുമത്താമെന്ന നിലവിലെ നിയമം റദ്ദു ചെയ്യുന്ന ഭേദഗതി തുടങ്ങിയതടക്കമുള്ള നിര്‍ദേശങ്ങളാണ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്.
വന്യജീവി ആക്രമണത്തില്‍ നിരവധിപേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും കൃഷിനാശം സംഭവിക്കുകയും, മലയോരമേഖലയില്‍ സ്വൈരജീവിതം ബുദ്ധിമുട്ടിലാവുകയും ചെയ്യുന്നതില്‍ നിന്ന് കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കാനുള്ള നടപടികളാണ് വേണ്ടതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടു. ചെയര്മാന് ജോസ് കെ. മാണി എം.പിക്കൊപ്പം ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, ഓഫിസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ഡോ. സ്റ്റീഫന്‍ ജോര്‍ജ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
കേരള കോൺഗ്രസ് അനാവശ്യ വിവാദമുണ്ടാക്കരുത് -മന്ത്രി ശശീന്ദ്രൻ
കോഴിക്കോട്: വനനിയമ ഭേദഗതി കരട് വിജ്ഞാപനത്തിന്റെ പേരിൽ കേരള കോണ്‍ഗ്രസ് അനാവശ്യ വിവാദങ്ങളാണ് ഉണ്ടാക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. വസ്തുതകള്‍ പരിശോധിക്കാതെയാണ് വിവാദം സൃഷ്ടിക്കുന്നത്.
ബന്ധപ്പെട്ടവര്‍ ഇതിൽനിന്ന് പിന്തിരിയണം. സര്‍ക്കാര്‍ വിഷയം ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞിട്ടുണ്ട്. മുന്‍വിധിയില്ലാതെ ഇക്കാര്യത്തിൽ എല്ലാവരോടും സംസാരിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. വനനിയമ ഭേദഗതിക്കെതിരെ മലയോരത്താകെ പ്രതിഷേധം ഉയര്‍ന്നതോടെയാണ്, കേരള കോണ്‍ഗ്രസ് വന നിയമ ഭേദഗതിയെക്കുറിച്ച് മുന്നണിയിലും മന്ത്രിസഭയിലും എന്ത് അഭിപ്രായമാണ് പറഞ്ഞതെന്ന ചോദ്യമുയര്‍ന്നത്. ഇതോടെയാണ് വോട്ട് ബാങ്കിന്റെ അതൃപ്തി പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ഇപ്പോഴത്തെ നിയമത്തില്‍ വനം വാച്ചർക്ക് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരമുണ്ടെന്നും ഈ അധികാരം എടുത്തുകളയുകയാണ് ഭേദഗതിയിലൂടെ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മതമേലധ്യക്ഷരില് കുറച്ചുകൂടി പക്വത പ്രതീക്ഷിക്കുന്നു. എങ്കിലും അവര്‍ അവരുടെ ഉത്കണ്ഠയാണ് അറിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിക്ക് നേരം വെളുത്തിട്ടില്ല -ബിഷപ് ഇഞ്ചനാനിയിൽ
കോഴിക്കോട്: വനനിയമം സംബന്ധിച്ച് മന്ത്രി എ.കെ. ശശീന്ദ്രന് നേരം വെളുത്തിട്ടില്ലെന്ന് താമരശ്ശേരി രൂപത ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ. അടിയന്തരാവസ്ഥക്കാലത്തെപോലെയുള്ള നിയമമാണ് പടച്ചുവിടുന്നത്. നിയമം പിൻവലിച്ചേ മതിയാകൂ. വനം ഉദ്യോഗസ്ഥർക്ക് അറസ്റ്റ് ചെയ്യാമെന്ന് നിയമത്തിൽ പറയുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ല. മതമേലധ്യക്ഷർ പക്വത കാട്ടണമെന്ന മന്ത്രിയുടെ പരാമർശത്തോട്, ആരാണ് പക്വത കാട്ടേണ്ടതെന്ന് ബിഷപ് ചോദിച്ചു. കിരാത നിയമംകൊണ്ടുവന്നവർക്കാണോ ജനങ്ങൾക്കൊപ്പം നിൽക്കുന്ന തങ്ങൾക്കാണോ പക്വതയില്ലാത്തത്? ജനങ്ങളെ സംരക്ഷിക്കുകയാണ് ഭരണകൂടങ്ങൾ ചെയ്യുക. നല്ലൊരു സർക്കാറുണ്ടെങ്കിൽ മാത്രമേ അതു പ്രതീക്ഷിക്കാവു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.