വടകര: വടകര ദേശീയപാതയിൽ കരിമ്പനപാലത്ത് രണ്ടു യുവാക്കളെ കാരവനിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. എസിയിലെ ഗ്യാസ് ചോർച്ചയാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിൽ പൊലീസ് അസ്വാഭാവികത സംശയിക്കുന്നുമുണ്ട്.
തിങ്കളാഴ്ച രാത്രി എട്ടോടെയാണ് രണ്ടുപേരെ കാരവനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവർ മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ് (27), കണ്ണൂർ പറശ്ശേരി തട്ടുമ്മൽ ജോയൽ (26) എന്നിവരാണ് മരിച്ചത്.
ദേശീയപാതയിൽ തിങ്കളാഴ്ച രാവിലെ മുതൽ വാഹനം നിർത്തിയിട്ടിരുന്നു. രാത്രിയോടെയാണ് വാഹനത്തിന്റെ സ്റ്റെപ്പിനടുത്തായി ഒരാൾ കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പിൻഭാഗത്തും ഒരാളെ കണ്ടെത്തി. സംശയം തോന്നിയ നാട്ടുകാർ വടകര പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരും മരിച്ചെന്ന് സ്ഥിരീകരിച്ചത്.
മലപ്പുറം എടപ്പാളിൽ ഫ്രണ്ട് ലൈൻ ഹോസ്പിറ്റാലിറ്റി പ്രോപ്പർട്ടി മാനേജ്മെന്റ് സ്ഥാപനത്തിന്റേതാണ് വാഹനം. KL 54 P 1060 വാഹനത്തിൽ എടപ്പാളിൽനിന്നും വിവാഹ പാർട്ടിയെ ഞായറാഴ്ച വൈകീട്ട് 3.30ഓടെ കണ്ണൂരിൽ ഇറക്കി തിരിച്ചുവരുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ മലപ്പുറത്ത് ഇവർ വാഹനവുമായി എത്തേണ്ടിയിരുന്നതാണ്. എത്താതായതോടെ ലൊക്കേഷൻ മനസ്സിലാക്കി സ്ഥാപനവുമായി ബന്ധപ്പെട്ടവർ വടകര പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഡോഗ് സ്ക്വാഡും ഫോറൻസിക്, ഫിംഗർ പ്രിന്റ് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് സി.ഐ എൻ. സുനിൽ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.