ഉമ്മന്‍ ചാണ്ടിക്കും അനില്‍ കുമാറിനും എതിരെ ത്വരിതാന്വേഷണം

തൃശൂര്‍: പാലക്കാട് മെഡിക്കല്‍ കോളജിലെ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ മന്ത്രി എ.പി. അനില്‍ കുമാറിനുമെതിരെ ത്വരിതാന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്.
പട്ടികജാതി വികസന വകുപ്പ് സെക്രട്ടറി ഇന്ദര്‍ജിത് സിങ്, പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് സ്പെഷല്‍ ഓഫിസര്‍ ഡോ. എസ്. സുബ്ബയ്യ, പിന്നാക്കവിഭാഗ വികസന ഡയറക്ടര്‍ വി.ആര്‍. ജോഷി, ജോയന്‍റ് ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹീം എന്നിവരും അന്വേഷണപരിധിയിലുണ്ട്. യുവമോര്‍ച്ച പാലക്കാട് ജില്ലാ പ്രസിഡന്‍റ് പി. രാജീവിന്‍െറ ഹരജിയിലാണ് അന്വേഷണം. സെപ്റ്റംബര്‍ 19നകം  ആദ്യറിപ്പോര്‍ട്ട് നല്‍കണം. തിരുവനന്തപുരം വിജിലന്‍സ് സെല്‍ പ്രത്യേക ടീമാണ് അന്വേഷിക്കേണ്ടത്.
സഹകരണ മേഖലയിലുള്ള കോളജിലെ 170ഓളം നിയമനങ്ങള്‍ സംബന്ധിച്ചാണ് പരാതി. പി.എസ്.സിയെ ഒഴിവാക്കി നിയമനം സ്പെഷല്‍ ഓഫിസര്‍ വഴി നടത്തിയെന്നും അപാകതകള്‍ കണ്ടത്തെിയിട്ടും നടപടിയെടുത്തില്ളെന്നും പരാതിയില്‍ ആരോപിക്കുന്നു.
പാലക്കാട്ടെ മെഡിക്കല്‍ കോളജ് നടത്തുന്ന സൊസൈറ്റി ഫോര്‍ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് ചെയര്‍മാന്‍ ആയിരുന്നു ഉമ്മന്‍ ചാണ്ടി.
 പട്ടികജാതി-വര്‍ഗ റെസിഡന്‍ഷ്യല്‍ എജുക്കേഷനല്‍ സൊസൈറ്റിയുടെ കീഴിലായിരുന്ന കോളജ് അഴിമതി ആരോപണം മറികടക്കാനാണ് പുതിയ സൊസൈറ്റിക്ക് കീഴിലാക്കിയതെന്ന് പരാതിയില്‍ പറയുന്നു. ചില നിയമനങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും പരാതിയിലുണ്ട്.
വിജിലന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നിയമിച്ച വിദഗ്ധ സമിതി നിയമനങ്ങളില്‍ അപാകതയുണ്ടെന്ന് കണ്ടത്തെിയെങ്കിലും എതിര്‍കക്ഷികളില്‍ ഒരാളായ കോളജ് സ്പെഷല്‍ ഓഫിസര്‍ ഉള്‍പ്പെട്ട സമിതി, നിയമനങ്ങളില്‍ ക്രമക്കേടില്ളെന്നുകാണിച്ച് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
നിയമനം നിയമാനുസൃതമല്ല; ശിപാര്‍ശക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ചാണ് നിയമനം നടത്തിയത്. വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്.
 പൊതുഖജനാവ് കൊള്ളയടിക്കല്‍, സ്ഥാന ദുരുപയോഗം, സ്വജന പക്ഷപാതം, അനധികൃത പണം സമ്പാദനം തുടങ്ങിയവയും പരാതിയില്‍ ഉന്നയിക്കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.