തിരുവനന്തപുരം: ഏജന്‍റുമാരെ നിയോഗിച്ചും പരസ്യം ചെയ്തും സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളില്‍ പ്രവേശം നടത്തുന്നത് വിലക്കി ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ ഉത്തരവ്. സ്വാശ്രയ കോളജ് മാനേജ്മെന്‍റ് പ്രതിനിധികളുടെ യോഗശേഷം പുറത്തിറക്കിയ ഉത്തരവിലാണ് ഈ നിര്‍ദേശം. കോളജുകള്‍ സ്വന്തം പേരില്‍ മാത്രമായിരിക്കണം വിദ്യാര്‍ഥി പ്രവേശത്തിനായുള്ള വിജ്ഞാപനം പത്ര, ദൃശ്യമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തേണ്ടത്. മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകള്‍ക്കുപുറമെ ഒഴിവുവരുന്ന സീറ്റുകളിലേക്കും നീറ്റ് പട്ടികയില്‍നിന്ന് മാത്രമേ പ്രവേശം നടത്താവൂ. പ്രവേശത്തിന് നീറ്റ് റാങ്കിനൊപ്പം യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കാന്‍ പാടില്ല. പ്രവേശ സമയത്ത് അടയ്ക്കുന്ന ഫീസിന് രസീത് നല്‍കണം. അംഗീകൃത ഫീസിന് പുറമെ മറ്റു ഫീസുകള്‍ പിരിക്കാന്‍ പാടില്ല. രസീതില്ലാതെ ഇത്തരത്തില്‍ പിരിക്കുന്ന ഫീസ് തലവരിപ്പണമായി പരിഗണിച്ച് നടപടിയെടുക്കും. പ്രവേശ പരീക്ഷാ കമീഷണര്‍ അനുവദിച്ചാല്‍ ആദ്യം പ്രവേശം നേടിയ കോളജില്‍നിന്ന് മറ്റൊരു കോളജിലേക്ക് മാറാം.
എന്നാല്‍ പ്രവേശം അവസാനിപ്പിക്കാനുള്ള തീയതിയുടെ മൂന്നുദിവസം മുമ്പ് വരെ മാത്രമേ ഈ മാറ്റം അനുവദിക്കൂ. ഇത്തരത്തില്‍ മാറുന്ന കുട്ടികളില്‍നിന്ന് ലിക്വിഡേറ്റഡ് ഡാമേജ് വാങ്ങാന്‍ പാടില്ല.അനുവദിച്ച സമയത്തിനകത്ത് കോളജ് മാറ്റം നടത്തുന്ന കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കോളജുകള്‍ തടഞ്ഞുവെക്കാന്‍ പാടില്ല. ബാങ്ക് ഗ്യാരണ്ടി ആവശ്യമുള്ള കുട്ടികള്‍ക്ക് അത് ഹാജരാക്കാന്‍ ആവശ്യമായ സമയം അനുവദിക്കണം. ഒഴിവുവരുന്ന സീറ്റുകളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വെയ്റ്റിങ് ലിസ്റ്റിലുള്ള വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശം നല്‍കുകയും വേണം.കോളജുകള്‍ക്കുള്ള അംഗീകാര വിവരങ്ങളും രേഖകളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. കോളജുകളുടെ പ്രോസ്പെക്ടസ് അംഗീകാരത്തിനായി മുന്‍കൂട്ടി ജയിംസ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.