കശ്മീര്‍: ഗൗരവം മനസ്സിലാക്കി കേന്ദ്രസര്‍ക്കാര്‍ ഇടപെടണം –യൂസുഫ് തരിഗാമി

തിരുവനന്തപുരം: കശ്മീരിലെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ജമ്മു-കശ്മീരിലെ സി.പി.എം നേതാവും എം.എല്‍.എയുമായ മുഹമ്മദ് യൂസുഫ് തരിഗാമി. മന്‍ കീ ബാത്തിലൂടെ രാജ്യത്തോട് സംവദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റിലൂടെ കശ്മീരി ജനതയോട് സംസാരിക്കാന്‍ തയാറാവണം. എന്‍. നരേന്ദ്രന്‍ അനുസ്മരണത്തോടനുബന്ധിച്ച് ‘കശ്മീര്‍ മുന്നോട്ടുള്ള വഴി ’എന്ന വിഷയത്തില്‍ പ്രസ് ക്ളബ് ഹാളില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് ദിനംപ്രതി കശ്മീരില്‍ അരങ്ങേറുന്നത്. സ്ത്രീകളാണ് കൂടുതലും ദുരിതം അനുഭവിക്കുന്നത്. പ്രശ്നങ്ങള്‍ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തതാണ് കാര്യങ്ങള്‍ ഇത്രയധികം വഷളാക്കിയത്.

പ്രശ്നം പരിഹരിച്ചില്ളെങ്കില്‍ ഭാവിയില്‍ ഗുരുതര പ്രതിസന്ധികളാണുണ്ടാവുക. കശ്മീര്‍വിഷയം മുസ്ലിംപ്രശ്നമായി കാണുന്നില്ല. പെല്ലറ്റ് ഗണ്‍ ഉപയോഗം നിരോധിച്ചെന്ന് അധികാരികള്‍ പറയുമ്പോഴും മറുഭാഗത്ത് അവ നിര്‍ബാധം തുടരുകയാണ്. യുവതലമുറക്ക് പ്രതീക്ഷാ നിര്‍ഭരമായ ഭാവി നല്‍കുന്നതില്‍ രാഷ്ട്രീയനേതാക്കളും ഭരണകൂടവും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ളബ് സെക്രട്ടറി കെ.ആര്‍. അജയന്‍, ഗില്‍വസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.