പ്രതിസന്ധികളെ ഒറ്റക്ക് നേരിടും; തീരുമാനത്തിലുറച്ച് മാണി

കോട്ടയം: യു.ഡി.എഫ് വിടാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണി. പാർട്ടിയെടുത്ത തീരുമാനത്തിൽ നിന്ന് പുറകോട്ടില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

തങ്ങൾ മുന്നണി വിട്ട് പോകുന്നതിനോട് വിയോജിപ്പുള്ളവരാണ് സംസാരിക്കാൻ ആഗ്രഹിക്കുന്നതെന്നും ലീഗിനോട് സൗഹാർദ മനോഭാവമാണ് ഉള്ളതെന്നും മുസ്ലിം ലീഗ് നടത്തുന്ന മധ്യസ്ഥ ചർച്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെ മാണി വ്യക്തമാക്കി.

വീക്ഷണം കോൺഗ്രസിന്‍റെ മുഖപത്രമാണ്. യു.ഡി.എഫ് വിട്ടുപോകുന്നവരെ എതിർക്കുന്നത് സ്വാഭാവികമാണ്. ഇത്രയും കാലം മിത്രങ്ങളായിരുന്ന പലരും ശത്രുക്കളാകാം. ഏതു പ്രതിസന്ധിയേയും നേരിടാൻ തീരുമാനിച്ച് തന്നെയാണ് തീരുമാനമെടുത്തത്. ഞങ്ങൾക്ക് കൂട്ടുകാരായി ആരുമില്ല. പ്രതിസന്ധികളെ ഒറ്റക്ക് നേരിടും. പല നിർണായക ചരിത്ര സന്ദർഭങ്ങളിലും ഒറ്റക്ക് കരുത്ത് തെളിയിച്ച പാർട്ടിയാണ് കേരള കോൺഗ്രസ് എം. അതുകൊണ്ട് ഞങ്ങൾക്ക് ഒന്നും ഭയപ്പെടാനില്ല. ഇടതുമുന്നണിയുമായുള്ള ചർച്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് കെ.എം.മാണി പ്രതികരിച്ചില്ല.

അതേസമയം, പ്രതിപക്ഷ ചീഫ് വിപ്പായിരുന്ന കേരള കോൺഗ്രസ് എം.എൽ.എ എൻ.ജയരാജ് ഉച്ചയോടെ രാജി സമർപ്പിക്കും. പാർട്ടി നിർദേശിച്ചതിനെ തുടർന്നാണ് സ്ഥാനം രാജിവെക്കുന്നതെന്ന് ജയരാജ് മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.