എറണാകുളം–കോട്ടയം–കായംകുളം പാത ഇരട്ടിപ്പിക്കല്‍ അടുത്തവര്‍ഷം പൂര്‍ത്തിയാകും

ചെന്നൈ: എറണാകുളം-കോട്ടയം-കായംകുളം പാതയിലെ ഇരട്ടിപ്പിക്കല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസഷ്ഠ ജോഹ്രി. ഈ സാമ്പത്തികവര്‍ഷം പിറവം-കുറപ്പന്തറ പാതയില്‍ 12 കി.മീറ്ററും ചിങ്ങവനം -ചെങ്ങന്നൂര്‍ പാതയില്‍ 27 കി.മീറ്ററും ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  
കുറപ്പന്തറ-ചിങ്ങവനം പാതയില്‍ 27 കി.മീറ്റര്‍ ലൈന്‍ ജോലികൂടി അടുത്തവര്‍ഷം പൂര്‍ത്തീകരിക്കും. ഇതോടെ എറണാകുളം-കോട്ടയം-കായംകുളം പാതയിലെ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകും. അമ്പലപ്പുഴ-ഹരിപ്പാട് പാതയില്‍ 19 കി.മീറ്റര്‍ ഇരട്ടിപ്പിക്കല്‍ ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തിയാകും. കേരളത്തില്‍ 57 കി.മീറ്റര്‍ പാത ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കും. ഇതില്‍ കോട്ടയം വഴി 39 കി.മീറ്ററാണ്.
ഗെയ്ജ് മാറ്റം നടക്കുന്ന പൊള്ളാച്ചി- പോത്തന്നൂര്‍ പാത (40 കി.മീറ്റര്‍), ചെങ്കോട്ട-പുനലൂര്‍ പാത (49 കി.മീറ്റര്‍) പണികള്‍ ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തിയാകും. പൊള്ളാച്ചി-പാലക്കാട് (54 കി.മീ.) ഗെയ്ജ് മാറ്റം പൂര്‍ത്തീകരിച്ച് തുറന്നുകൊടുത്തു. സാറ്റലൈറ്റ് ടെര്‍മിനല്‍ സ്റ്റേഷന്‍ പട്ടികയിലുള്ള കൊച്ചുവേളി, ചെന്നൈ താംബരം സ്റ്റേഷനുകളുടെ രണ്ടാംഘട്ട പണി നടപ്പുസാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകും.
വിവിധ പദ്ധതികള്‍ക്ക് 2458 കോടിയാണ് ദക്ഷിണ റെയില്‍വേ വകയിരുത്തിയത്. ഗെയ്ജ് മാറ്റത്തിന് കേരളത്തിന് 12 കോടിയും തമിഴ്നാടിന് 332 കോടിയും അനുവദിച്ചു. ഇരട്ടിപ്പിക്കലിന് കേരളത്തിന് 892.72 കോടിയും തമിഴ്നാടിന് 1126.10 കോടിയും അനുവദിച്ചു. പുതിയ പാതകള്‍ക്കായി കേരളത്തിന് 45 കോടിയും തമിഴ്നാടിന് 50.38 കോടിയും അനുവദിച്ചു.  
തിരുവനന്തപുരം ഡിവിഷനില്‍ 19 കി.മീറ്റര്‍ പാതയിലെ ട്രെയിന്‍ വേഗത മണിക്കൂറില്‍ 50 മുതല്‍ 90 കി.മീറ്റര്‍ വരെ ഉയര്‍ത്തി. പാലക്കാട് ഡിവിഷനില്‍ ഷൊര്‍ണൂര്‍-കാരക്കാട് പാതയിലെ ഒമ്പതു കി.മീറ്റര്‍  വേഗത മണിക്കൂറില്‍ 60 മുതല്‍ 100 കി.മീറ്റര്‍ വരെ ഉയര്‍ത്തി.  
കേരളത്തില്‍ 14 സ്റ്റേഷനുകളില്‍ പ്ളാറ്റ്ഫോം നീട്ടല്‍ പൂര്‍ത്തിയായി. മലിനജല നിര്‍മാര്‍ജനത്തിനുള്ള റീസൈക്ളിങ് പ്ളാന്‍റുകള്‍ തിരുവനന്തപുരം സെന്‍ട്രലിലും കൊച്ചുവേളിയിലും സ്ഥാപിക്കും. മാലിന്യത്തില്‍നിന്ന് ഊര്‍ജോല്‍പാദനത്തിനുള്ള പ്ളാന്‍റുകള്‍ തിരുവനന്തപുരത്ത് സ്ഥാപിക്കും. മതപരമായി പ്രാധാന്യമുള്ള കേരളത്തിലെ 11 സ്റ്റേഷനുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. റെയില്‍വേ ഭൂമിയില്‍ നാലുലക്ഷം മരങ്ങള്‍ നടാന്‍ പദ്ധതിയുണ്ട്. ഇതില്‍ രണ്ടുലക്ഷം റെയില്‍വേ നേരിട്ടും ബാക്കി വനംവകുപ്പു മുഖേനയുമാണ് നടുക. കോയമ്പത്തൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് കോച്ചുകള്‍ക്ക് മുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. ദക്ഷിണ റെയില്‍വേയുടെ മൊത്തം വരുമാനം 2.1 ശതമാനം കുറഞ്ഞു. യാത്രാനിരക്കിലുള്ള വരുമാനത്തില്‍ 2.8 ശതമാനം വര്‍ധനയുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.