തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക രീതിയിലും പരിഷ്കരണം നിർദേശിച്ച് കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട്. പ്ലസ് വൺ പ്രവേശനത്തിന് പഞ്ചായത്തടിസ്ഥാനത്തിലുള്ള വെയ്റ്റേജ് നിർത്തലാക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശയുണ്ട്.
11 പഞ്ചായത്തുകളിൽ സർക്കാർ/ എയ്ഡഡ് ഹയർസെക്കൻഡറികൾ ഇല്ലാത്ത സാഹചര്യത്തിലും ബാച്ച് പുനഃക്രമീകരണത്തിലൂടെ ചില പഞ്ചായത്തുകളിൽ ഹയർസെക്കൻഡറി ഇല്ലാതാകാനുള്ള സാധ്യതയുള്ളതിനാലുമാണ് ഈ ശിപാർശ. എന്നാൽ, പഠിച്ച സ്കൂളിനും താലൂക്ക് അടിസ്ഥാനത്തിലുള്ള വെയിറ്റേജുകൾ നിലനിർത്തണം. അൺഎയ്ഡഡ്, മാനേജ്മെന്റ്, കമ്യൂണിറ്റി േക്വാട്ട സീറ്റുകളിൽ പ്രവേശനം നേടുന്നവർക്ക് പിന്നീട് ഏകജാലകത്തിൽ മെറിറ്റ് സീറ്റിൽ അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടാൻ കഴിയാത്ത സാഹചര്യം അവസാനിപ്പിക്കണം. ഇത് മെറിറ്റിന്റെ നിഷേധമാണ്. ഇത്തരം വിദ്യാർഥികൾക്ക് ഏകജാലക പ്രവേശനം ഉറപ്പാക്കണം. പ്രിൻസിപ്പൽമാരും മാനേജ്മെൻറും ക്രമവിരുദ്ധമായി പ്രവർത്തിച്ചാൽ അച്ചടക്ക നടപടിയും പിഴയും ചുമത്തണം.
ആദിവാസി മേഖലകളിലെ സർക്കാർ സ്കൂളുകളിലെ 40 ശതമാനം സീറ്റുകൾ എസ്.ടി വിഭാഗക്കാർക്കായി സംവരണം ചെയ്യണം. മൂന്നാം അലോട്മെന്റിൽ ഒഴിവുള്ള ഈ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്യാം.
തിരുവനന്തപുരം: ഹയർസെക്കൻഡറി പഠനത്തിന് പാർട്ട് മൂന്നിൽ നാലു വിഷയങ്ങൾ അടങ്ങിയ കോമ്പിനേഷനുകൾ മൂന്ന് വിഷയങ്ങളാക്കി ചുരുക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. രാവിലെ ഒമ്പതു മുതൽ വൈകീട്ട് 4.45 വരെ സ്കൂൾ സമയത്തിനിടെ പാർട്ട് ഒന്നിൽ ഇംഗ്ലീഷും രണ്ടിൽ ഉപഭാഷയും പഠിക്കുന്നതിന് പുറമെ, നാലു വിഷയ കോമ്പിനേഷൻ കൂടി പഠിക്കേണ്ടിവരുന്നത് കൗമാരപ്രായക്കാരെ പ്രതികൂലമായി ബാധിക്കുകയും മാനസിക പ്രശ്നങ്ങൾ വളരുന്നതിനും മയക്കുമരുന്നുകളുടെ സ്വാധീനവലയത്തിലാക്കുന്നതിനും കാരണമാകുന്നു. അരമണിക്കൂർ മാത്രമാണ് ഉച്ചഭക്ഷണത്തിനുള്ള ഇടവേള.
തിരുവനന്തപുരം: ഹയർസെക്കൻഡറി ബാച്ചുകളിൽ 50ൽ കൂടുതൽ കുട്ടികൾ പാടില്ലെന്ന വ്യവസ്ഥ കർശനമാക്കണമെന്ന് കാർത്തികേയൻ കമ്മിറ്റി ശിപാർശ. സീറ്റ് വർധന വഴി പ്രവേശനം നടത്തുന്നത് ഗുണനിലവാരമുള്ള പൊതുവിദ്യാഭ്യാസത്തിന് ഗുണകരമല്ല. സീറ്റ് വർധന ഭൗതിക സാഹചര്യമുള്ള സ്കൂളുകളിലെ ക്ലാസുകളിൽ കുട്ടികൾ തിങ്ങിഞെരുങ്ങുന്ന സാഹചര്യം സൃഷ്ടിക്കുന്നു. പുതിയ പാഠ്യ പദ്ധതിക്കനുസരിച്ചുള്ള ഘടനാമാറ്റങ്ങളും പൊതുവിദ്യാഭ്യാസ ഏകീകരണവും നടപ്പാക്കുന്നതിനാൽ എല്ലാ ജില്ലകളിലും ഒരുബാച്ചിൽ 50 മാത്രമെന്നത് ഉറപ്പാക്കണം.
ഇതിനായി താൽക്കാലിക ബാച്ചുകൾ അനുവദിക്കാം. മൂന്നു വർഷം കഴിഞ്ഞാൽ ആവശ്യമെങ്കിൽ സ്ഥിരപ്പെടുത്തണം. രണ്ടാം അലോട്ട്മെന്റ് കഴിഞ്ഞ് പ്രാദേശിക ആവശ്യകത പരിഗണിച്ച് പരമാവധി ആറു ശതമാനം (മൂന്ന് സീറ്റ്) സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്താമെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.