സ്വരക്ഷക്ക് പെണ്‍കുട്ടികള്‍ കത്തിയോ മുളക് സ്പ്രേയോ കരുതണം –ഋഷിരാജ് സിങ്

കൊച്ചി: സ്വരക്ഷക്കായി പെണ്‍കുട്ടികള്‍ കത്തിയോ മുളക് സ്പ്രേയോ കരുതണമെന്ന് എക്സ്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. സ്വന്തം ശരീരത്തെ രക്ഷിക്കാന്‍ കഴിയുന്ന ഇത്തരം സാധനങ്ങള്‍ നിയമപരമായിതന്നെ അവര്‍ക്ക് കൈയില്‍ വെക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെറ്റാ ഗാലക്സി ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ നേതൃത്വത്തില്‍ ഹോപ് കൊച്ചിയില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥികളുടെ സംസ്ഥാനതല ശാക്തീകരണ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍കുട്ടികളുടെ സുരക്ഷയില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണെങ്കിലും മാനസികമായും ശാരീരികമായും ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ ശക്തമായി പ്രതികരിക്കണം.
അവിടത്തെന്നെ ബഹളം വെക്കണം. അവരെ വെല്ലുവിളിച്ച് ആളുകളെ അറിയിക്കണം. അച്ഛനമ്മമാര്‍ മുഖേന ഇക്കാര്യം പൊലീസില്‍ അറിയക്കണം. എങ്കിലേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂവെന്ന് ഋഷിരാജ് സിങ് ചൂണ്ടിക്കാട്ടി.

ആത്മരക്ഷക്ക് കളരിപ്പയറ്റ് പോലുള്ള ആയോധനകലകളും പെണ്‍കുട്ടികള്‍ ശീലിക്കണം. ഇത് പാഠ്യപദ്ധതിയില്‍ നിര്‍ബന്ധമാക്കണമെന്നും ആത്മരക്ഷക്കുള്ള എല്ലാ തന്ത്രങ്ങളും പഠിച്ച ശേഷമായിരിക്കണം എന്‍ജിനീയറിങ് അടക്കമുള്ള ബിരുദങ്ങള്‍ വേണ്ടതെന്നും ഋഷിരാജ് സിങ് പറഞ്ഞു. സ്ത്രീകള്‍തന്നെ വിചാരിച്ചാലേ അവര്‍ക്ക് ആയുധമില്ലാതെ പുറത്തിറങ്ങി നടക്കാന്‍ പറ്റുന്ന കാലമുണ്ടാവൂ. ഒരാള്‍ 14 സെക്കന്‍ഡിലധികം ഒരു  സ്ത്രീയെ നോക്കുകയാണെങ്കില്‍ സ്ത്രീക്ക് പരാതിയുണ്ടെങ്കില്‍ കേസെടുക്കാന്‍ നിയമമുണ്ട്.

 എന്നാല്‍, ഇന്നേവരെ അത്തരത്തില്‍ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്യാത്തത് സ്ത്രീകള്‍ പരാതി നല്‍കാന്‍ മടിച്ചുനില്‍ക്കുന്നത് കൊണ്ടാണെന്നും ഋഷിരാജ് സിങ് ഒരു വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലും ടി.വി സീരിയലുകള്‍ കണ്ടും വിദ്യാര്‍ഥികള്‍ സമയം കളയരുത്. സീരിയലുകള്‍ക്ക് പകരം വിജ്ഞാനപ്രദമായ ചാനലുകള്‍ കണ്ട് പൊതു വിജ്ഞാനം വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹോപ് ചെയര്‍മാന്‍ പി.കെ. അശോകന്‍, ജനറല്‍ സെക്രട്ടറി വി. സതീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.